പാലാ ∙ പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമലയെ (69) തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർകോട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ് നായർ–38) കുറ്റക്കാരനാണെന്നു പാലാ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. കൊലപാതകം, മാനഭംഗം, ഭവനഭേദനം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
2015 സെപ്‌റ്റംബർ 16 ന് അർധരാത്രിയാണു മഠത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ചേറ്റുതോട് മഠത്തിലെ മുറിയിൽ 2015 ഏപ്രിൽ 17നു സിസ്‌റ്റർ ജോസ് മരിയ (81) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലും പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ ജസീന്ത(75)യെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സതീഷ് പ്രതിയാണ്. ഈ കേസുകളുടെ വിചാരണ നടക്കുകയാണ്. ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ സ്ഥലങ്ങളിലെ കന്യാസ്ത്രീമഠങ്ങൾക്കു നേരെ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെ 21 കേസുകൾ പ്രതിക്കെതിരെയുണ്ട്.
കോടതിയിൽ സ്വയം വാദിച്ച് പ്രതി
പാലാ ∙ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരനാണെന്നുള്ള പ്രഖ്യാപനത്തിനു ശേഷം കോടതി പ്രതി സതീഷ് ബാബുവിന്റെ പ്രതികരണം ആരാഞ്ഞു. ശിക്ഷ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതോടെ പ്രതി സ്വയം വാദിക്കാൻ തുടങ്ങി.
87 കിലോ തൂക്കമുള്ള താൻ നാലു നിലയുള്ള മഠത്തിന്റെ ഷെയ്ഡിലൂടെ എങ്ങനെ തൂങ്ങിക്കയറുമെന്നു ചോദിച്ച പ്രതി മാനഭംഗം നടന്നതായി ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും പറഞ്ഞു. 2 ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏത് ആയുധം കൊണ്ടാണ കൃത്യം ചെയ്തതെന്നു പറഞ്ഞിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു. കൊലപാതകവും മാനഭംഗവും ചെയ്‌തെന്നു തെളിഞ്ഞാൽ വധശിക്ഷയ്‌ക്കു വിധിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. സതീഷ് ബാബുവിനെ പിന്നീട് പാലാ സബ് ജയിലിലേക്കു മാറ്റി.
വിധി കേൾക്കാൻ സിസ്‌റ്റർ അമലയുടെ ബന്ധുക്കൾ
പാലാ∙ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകക്കേസിലെ വിധി കേൾക്കാൻ സിസ്‌റ്ററുടെ ബന്ധുക്കളും സഹപ്രവർത്തകരും എത്തി. സിസ്റ്ററുടെ സഹോദരിയും അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്‌റ്റർ ലൂസിൻ മേരി, ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സിസ്റ്റർ ജെയ്‌സ്, സിസ്‌റ്റർ അമലയുടെ സഹോദരൻ ജോസ്, മറ്റു കുടുംബാംഗങ്ങൾ എന്നിവർ കോടതിയിൽ എത്തിയിരുന്നു.