Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണം സിസ്റ്റർ കണ്ടിരിക്കാമെന്ന് കരുതി കൊലപാതകം

satheesh-babu സിസ്റ്റർ അമല വധക്കേസിൽ കുറ്റക്കാരനെന്നു പാലാ സെഷൻസ് കോടതി വിധിച്ച പ്രതി സതീഷ് ബാബു പൊലീസിനൊപ്പം.

കോട്ടയം ∙ പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെ. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ‍ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.

മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.‍ മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.

അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.

മോഷണത്തിന് തിരഞ്ഞെടുക്കുന്നത് കന്യാസ്ത്രീമഠങ്ങൾ

കോട്ടയം ∙ പ്രതി കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്.

സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്.  മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു.

മഠങ്ങളിൽ സുരക്ഷ കൂട്ടി

പാലാ ∙ പാലാ മേഖലയിലെ മഠങ്ങളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. മഠങ്ങളിലെ ഗ്രില്ലുകളും ജനലുകളും സുരക്ഷിതമാണെന്ന് ‍ഉറപ്പു വരുത്തി. മുകൾ നിലകളിലേക്കു ചവിട്ടിക്കയറാവുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലുകൾ മാറ്റി. ആയുധങ്ങളായി ഉപയോഗിക്കാവുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിലും അലക്ഷ്യമായും ഇട്ടിരുന്നതു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. സിസിടിവിയും വിവിധയിടങ്ങളിലായി സ്ഥാപിച്ചു.