Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാമതിലിൽ ഉരുണ്ടുകളിച്ച് സർക്കാർ; യുവതീ പ്രവേശം, നവോത്ഥാനം... ഒടുവിൽ സ്ത്രീശാക്തീകരണം

cartoon

തിരുവനന്തപുരം ∙ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വസ്തുതകൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങൾ തെറ്റായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ്. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ അടിയന്തരപ്രമേയനോട്ടിസിനു മറുപടി പറയവേയാണ് വനിതാമതിലിന്റെ സംഘാടനത്തിനു സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വനിതാ മതിലിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും വകുപ്പുകളുടെ ഏകോപനത്തിനുമായി സർക്കാർ പണം ചെലവിടുമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയതിനെത്തുടർന്ന് തിരുത്തിയിരുന്നു. സർക്കാർ പണം ചെലവിടുമെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ് 14ന് ഇറക്കി.

സർക്കാരിന്റെ നയതീരുമാനവും സ്ത്രീശാക്തീകരണപദ്ധതികളുടെ ഭാഗവുമാണ് വനിതാമതിലെന്ന് സത്യവാങ്മൂലത്തിൽ പറയുമ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാനമൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചപ്പോൾ വിളിച്ച സംഘടനകളുടെ യോഗത്തിലാണ് വനിതാമതിൽ ഉണ്ടാക്കണമെന്നു തീരുമാനിച്ചതെന്നാണ്. ആ തീരുമാനത്തെ സർക്കാർ പിന്തുണയ്ക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

വനിതാമതിലിനായി മനുഷ്യശേഷി പാഴാക്കുന്നില്ലെന്ന സത്യവാങ്മൂലത്തിലെ അവകാശവാദം തെറ്റാണെന്ന് ഇതുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രചാരണപരിപാടികളുടെ വാർത്താക്കുറിപ്പുകൾ തന്നെ തെളിയിക്കുന്നു.