കൊച്ചി ∙ ജനുവരി ഒന്നിനു കേരളത്തിൽ വനിതാമതിൽ സംഘടിപ്പിക്കുന്നത് പൊതുഖജനാവിലെ പണം ഉപയോഗിച്ചാണെന്ന് െഹെക്കോടതിയിൽ സർക്കാർ. സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾക്കു വകയിരുത്തിയ 50 കോടിയിൽ നിന്നാണിത്. പദ്ധതിക്കു തുക നീക്കിവയ്ക്കുമെന്നു ബജറ്റിൽ പറഞ്ഞത് സാമ്പത്തിക വർഷം കഴിയും മുൻപു നടപ്പാക്കേണ്ടതുണ്ടെന്നും സാമൂഹികനീതി അഡീഷനൽ സെക്രട്ടറി എം. കെ. ലീലാമണിയുടെ വിശദീകരണ പത്രികയിൽ പറയുന്നു. ഗവർണറുടെ നയപ്രസംഗത്തിലും ബജറ്റിലും പറഞ്ഞ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണു വനിതാ മതിൽ. രാഷ്ട്രീയ പരിഗണനയിലല്ല, സാമൂഹിക നവോത്ഥാനവും ലിംഗ സമത്വവും സംബന്ധിച്ച പ്രചാരണത്തിനാണ്. സ്ത്രീ ശാക്തികരണം എൽഡിഎഫിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ്. ഇതിനായി ഒരു വർഷം മുൻപു തന്നെ ചെറുതും വലുതുമായ ആശയ പ്രചാരണ പരിപാടികൾ നടത്തിയിട്ടുണ്ട്. അന്നൊന്നും വിമർശനങ്ങളുണ്ടായില്ല.
പ്രളയമോ പ്രകടനമോ പ്രധാനം?
കൊച്ചി ∙ പ്രളയ ദുരിതാശ്വാസത്തിനാണോ പ്രകടനത്തിനാണോ സർക്കാർ മുൻഗണന നൽകുന്നതെന്നു ഹൈക്കോടതി. രാഷ്ട്രീയമാണോ ഭരണനിർവഹണമാണോ പ്രധാനമെന്നും കോടതി ചോദിച്ചു. തങ്ങൾക്കു പ്രാമുഖ്യം കിട്ടുന്നുണ്ടെന്നു ജനങ്ങൾക്കു തോന്നണം. പ്രളയ ദുരിതാശ്വാസത്തെക്കാൾ ജനത്തിനു സ്ത്രീ ശാക്തീകരണത്തിൽ ആശങ്കയുണ്ടെന്നു കരുതുന്നില്ല. ബജറ്റ് വകയിരുത്തലിനു ശേഷം സംസ്ഥാനം കെടുതികൾ നേരിടുമ്പോൾ സർക്കാർ അതു പുനരവലോകനം ചെയ്യണം– കോടതി പറഞ്ഞു.
പ്രളയബാധിതർക്കുള്ള പദ്ധതികളെക്കുറിച്ചു പരസ്യം നൽകാൻ കോടതി നിർദേശിച്ചപ്പോൾ സാമ്പത്തിക ശേഷിയില്ലെന്നു സർക്കാർ അറിയിച്ചിരുന്നതും ചർച്ചയായി. ഈ സാഹചര്യത്തിൽ വനിതാമതിലിനു മുൻഗണന ലഭിക്കുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ഉത്തരവാദപ്പെട്ട സർക്കാർ, ഫണ്ട് വകയിരുത്തൽ പുനർനിശ്ചയിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.
വള്ളംകളിയും ചലച്ചിത്രമേളയും പോലെ
വനിതാ ശിശുവികസന വകുപ്പു മുഖേന നടത്തുന്ന പ്രചാരണമാണു വനിതാമതിൽ. സർക്കാരിന്റെ രക്ഷാകർതൃത്വത്തിലും സാമ്പത്തിക സഹായത്തോടെയും നടത്തുന്ന മറ്റേതൊരു പരിപാടിയും പോലെയാണിത്. ചലച്ചിത്ര മേളയും യുവജനോൽസവവും കേരളോൽസവവുമൊക്കെ സർക്കാർ സ്പോൺസർ ചെയ്യാറുണ്ട്. നെഹ്റു ട്രോഫി വള്ളംകളി, ബിനാലെ തുടങ്ങിയവയ്ക്കും ഫണ്ട് നൽകാറുണ്ട്.
ജീവനക്കാരുടെ പങ്കാളിത്തം അഭ്യർഥിക്കാൻ മാത്രമാണു വകുപ്പു മേധാവികളോടു സർക്കാർ ഉത്തരവിൽ പറഞ്ഞത്. ശിക്ഷാ നടപടിയില്ല. വകുപ്പുകൾ പങ്കെടുക്കാൻ പറയുന്നതു നിർബന്ധിക്കലല്ല. ഫണ്ടിങ് വ്യവസ്ഥ ഒഴിവാക്കി ഡിസംബർ 12നു ഉത്തരവു ഭേദഗതി ചെയ്തു. പരിപാടിക്കായി മനുഷ്യശേഷി പാഴാക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർ മതിലിൽ വേണ്ട
കൊച്ചി ∙ വനിതാ മതിലിൽ നിന്നു 18 വയസിനു താഴെയുള്ള കുട്ടികളെ ഒഴിവാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കരുത്. ചെലവായ തുകയെത്രയെന്നും മറ്റു വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്നെത്ര ചെലവിട്ടെന്നും പരിപാടിക്കു ശേഷം അറിയിക്കണം. മതിലിൽ അണിചേരാൻ കുട്ടികളെ നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുക പോലുമോ അരുത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അനുമതി ഉണ്ടോ എന്നത് ഇക്കാര്യത്തിൽ ബാധകമല്ല.
സർക്കാരിന്റെ പണം എടുക്കില്ല (മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 13ന് നിയമസഭയിൽ)
വനിതാമതിലിന്റെ സംഘാടനത്തിനായി സർക്കാർ ഫണ്ട് ഉപയോഗിക്കാൻ ഉദ്ദേശ്യമില്ല. ആവശ്യമായ പണം ഇത് സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തവരും അവരെ പിന്തുണയ്ക്കുന്നവരും ജനങ്ങളിൽ നിന്നു കണ്ടെത്തും. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഒരു ധനസഹായവും ഇതിന് ആവശ്യമില്ല (ഡിസംബർ 12ന് ‘നാം മുന്നോട്ട് ’ സംവാദപരിപാടിയിലും മുഖ്യമന്ത്രി ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു)