Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ സർക്കാർ പരിപാടി അല്ലെങ്കിൽ പിആർഡി പരസ്യം എന്തിനാണെന്നു മുരളീധരൻ

K. Muralidharan

തിരുവനന്തപുരം∙ വനിതാ മതിൽ സർക്കാർ പരിപാടിയല്ലെങ്കിൽ പബ്ലിക് റിലേഷൻസ് വകുപ്പിനെക്കൊണ്ടു പരസ്യം കൊടുപ്പിക്കുന്നത് എന്തിനാണെന്നു കെ. മുരളീധരൻ എംഎൽഎ. സർക്കാർ പരിപാടികളുടെ നോട്ടിസിൽ ‘വനിതാ മതിലിൽ പങ്കെടുക്കൂ’ എന്ന പ്രചാരണം കൊടുക്കുന്നത് അംഗീകരിക്കാനാവില്ല. വലിയ തുകയാണ് ആലോചനാ യോഗങ്ങൾക്കുൾപ്പെടെ ചെലവാക്കുന്നത്. ഈ പണം എവിടെ നിന്നാണെന്നു സർക്കാർ പറഞ്ഞേ തീരൂ.

ഓരോ ജില്ലയിലും കലക്ടർമാരെ ഉൾപ്പെടെയാണു വനിതാ മതിലിന്റെ ചുമതല ഏൽപിച്ചിരിക്കുന്നത്. ഇത്തരം വാക്കാലുള്ള ഉത്തരവുകൾ അനുസരിക്കുന്ന ഉദ്യോഗസ്ഥർക്കു ഭരണം മാറുമ്പോൾ മറുപടി പറയേണ്ടി വരും. നവകേരള നിർമിതിയൊക്കെ സർക്കാർ മറന്നു കഴിഞ്ഞു. ശ്രദ്ധ തിരിക്കലാണു സർക്കാരിന്റെ ലക്ഷ്യം. സ്ത്രീസമത്വം ഉറപ്പാക്കാൻ അത്ര തിടുക്കമുണ്ടെങ്കിൽ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്കു നൽകിയ വാഗ്ദാനങ്ങൾ ആദ്യം പാലിക്കണം.

നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടുന്നതു പോലെയാണു സർക്കാർ യുവതികളെ ശബരിമലയിൽ കയറ്റുന്നത്. പമ്പ വരെ ആസൂത്രിതമായാണു യുവതികളെ എത്തിച്ചത്. ബിജെപി സമരം തണുക്കുമ്പോൾ സർക്കാർ പ്രകോപനമുണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണിത്. പൊലീസ് അനങ്ങാത്തതും അതുകൊണ്ടാണ്. അയ്യപ്പജ്യോതിയോടു പൂർണവിയോജിപ്പാണ്. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയിലും വനിതാ മതിലിലും കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കില്ല. ശബരിമല വിഷയത്തിൽ തുടർനടപടികൾ 29 ന് രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യും. സിറ്റിങ് സീറ്റുകളിലുള്ളവർ മൽസരിക്കണമോയെന്നു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.