പാലക്കാട് ∙ വകുപ്പുമന്ത്രിയെപ്പോലും അനുസരിക്കാത്തവരാണു വനംവകുപ്പ് ഉദ്യോഗസ്ഥരെന്നും അവർ കാണിക്കുന്ന തോന്ന്യാസത്തിനു പൊതുമരാമത്ത് വകുപ്പ് പഴികേൾക്കേണ്ടതില്ലെന്നും മന്ത്രി ജി.സുധാകരൻ. റോഡ് പ്രവൃത്തികളുടെ അവലോകനത്തിനു പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം.
റോഡരികിലെ മരം വെട്ടാൻ പോലും വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. വനംവകുപ്പിനെ തിരുത്താൻ പ്രയാസമാണ്. വനയോര മേഖലയിലൂടെ റോഡ് നിർമിച്ചാൽ കലക്ടറെപ്പോലും അറസ്റ്റുചെയ്യുമെന്നാണു ഭാവം. മന്ത്രി കെ.രാജുവിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഉദ്യോഗസ്ഥരോടു പറയുന്നുണ്ടെങ്കിലും അവർ കേൾക്കുന്നില്ല.
2 വർഷത്തിനിടെ പൊതുമരാമത്തു വകുപ്പിൽ ഒരുപാടു മാറ്റംവരുത്താനായെങ്കിലും വനംവകുപ്പും ജലവിഭവവകുപ്പും ചേർന്ന് അതെല്ലാം നശിപ്പിക്കുകയാണ്. ജലവകുപ്പ് റോഡ് വെട്ടിപ്പൊളിച്ചതുവഴി 3000 കോടി രൂപയാണു പിഡബ്ല്യുഡിക്കു നഷ്ടം. ശുദ്ധജലം വേണോ റോഡ് വേണോ എന്നു ചോദിച്ചാൽ ജലം ആണു വേണ്ടത്. അതുകൊണ്ട് റോഡ് പണി നിർത്തിവയ്ക്കാം. ഈ രീതിയിൽ മുന്നോട്ടുപോകാനാകില്ല.
പൊതുമരാമത്ത് വകുപ്പിൽ പദ്ധതികൾക്കു കാലതാമസം വരുത്താനുള്ള ‘പവർ’ ആണ് ചീഫ് എൻജിനീയർ ഓഫിസ്. രണ്ടു മാസം വരെ ഫയലുകൾ വച്ചുതാമസിപ്പിക്കുന്നു. ജില്ലാ തലത്തിലുള്ള അനുമതി അവിടെ നിന്നു തന്നെ നൽകണം. ഗുരുതര വീഴ്ച വരുത്തുന്ന കരാറുകാരുടെ ലൈസൻസ് റദ്ദാക്കും. പ്രവൃത്തി സ്ഥലത്തു കരാറുകാരന്റെ ഓഫിസ് വേണം. ഡ്രിൽ ചെയ്തു പൈപ്പിടാനും മറ്റും സംവിധാനം ഉള്ളവർക്കു പ്രവൃത്തി നൽകിയാൽ മതി.
റോഡിലെ കുഴപ്പം കാരണം എന്തെങ്കിലും സംഭവിച്ചാൽ ഉദ്യോഗസ്ഥർ കുടുങ്ങും. ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടുപോകുന്നത്. കുതിരാൻ റോഡിലെ സ്തംഭനാവസ്ഥ ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതായും മന്ത്രി പറഞ്ഞു.