ആദിവാസി കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകണം: മന്ത്രി ബാലൻ

കണ്ണൂർ∙ ആദിവാസി മേഖലകളിലുള്ളവർ മാവോയിസ്റ്റ് അനുകൂല നിലപാടെടുക്കാതിരിക്കണമെങ്കിൽ ഓരോ ആദിവാസി കുടുംബത്തിലെയും ഒരാൾക്കെങ്കിലും സർക്കാർ ജോലി കൊടുക്കാൻ കഴിയണമെന്നു മന്ത്രി എ.കെ. ബാലൻ. കൊട്ടിയൂർ അമ്പായത്തോട് ആദിവാസി മേഖലയ്ക്കു സമീപം കഴിഞ്ഞദിവസം മാവോയിസ്റ്റുകൾ പരസ്യ പ്രകടനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സർക്കാർ ജോലിയുള്ള ഒരാൾ കുടുംബത്തിലുണ്ടെങ്കിൽ അവർ സർക്കാരിനോടും ജനത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാഡിന്റെ കൂടി സഹായത്തോടെ 85 കോടി രൂപയുടെ പദ്ധതി സർക്കാർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.