പാലക്കാട് ∙ സാമൂഹിക, ആദിവാസി പ്രശ്നങ്ങളിലെ ഇടപെടലുകൾക്കുമൊപ്പം സായുധനീക്കത്തിലൂടെ ശക്തിയും സ്വാധീനവും തെളിയിക്കാൻ മാവോയിസ്റ്റ് തീരുമാനം. പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറി നമ്പാല കേശവരാജിന്റെ നേതൃത്വത്തിൽ തയാറാക്കിയ സംഘടനാ നയമനുസരിച്ചാണ് ഈ നീക്കം. കണ്ണൂർ അമ്പായത്തോട് നടന്ന മാവോയിസ്റ്റുകളുടെ തോക്കേന്തിപ്രകടനം ഇതിന്റെ ഭാഗമാണെന്നാണു കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് വിലയിരുത്തൽ. കൂടുതൽ സായുധനീക്കങ്ങൾ പ്രതീക്ഷിക്കുന്നതായും സാഹചര്യം നേരിടാൻ പൊലീസ് സുസജ്ജമാണെന്നും ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മാവോയിസ്റ്റ് നഗരസെല്ലുകളുടെ നീക്കം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിൽ ആദിവാസിമേഖലകളും നഗരങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ച സംഘടനയ്ക്കു ലക്ഷ്യമിട്ടതുപോലെ സ്വാധീനം ഉറപ്പിക്കാനും ആദിവാസികളെ റിക്രൂട്ട് ചെയ്യാനും കഴിഞ്ഞില്ല. പ്രവർത്തനം പരാജയമെന്നു സംഘടനയ്ക്കുള്ളിൽ രൂക്ഷവിമർശനമുണ്ടായി. കൂടുതൽ ദലങ്ങൾ രൂപീകരിച്ചുള്ള നീക്കങ്ങളും വിജയിച്ചില്ല. നേതാക്കളുടെ അറസ്റ്റും നിലമ്പൂർ വെടിവയ്പിൽ പ്രവർത്തകർ കൊല്ലപ്പെട്ടതും കനത്ത തിരിച്ചടിയായത് സംഘടനയ്ക്കുള്ളിൽ അഭിപ്രായഭിന്നതയുണ്ടാക്കി. സാന്നിധ്യമറിയിക്കൽ, കേന്ദ്രീകൃത പ്രചാരണം എന്നിവയായിരുന്നു രണ്ടു വർഷമായുള്ള രീതി. അതിൽ നിന്നാണു സായുധപ്രകടനത്തിലേക്കു മാറുന്നത്.
വർഷങ്ങളായി മാവോയിസ്റ്റ് സംഘടനയുടെ ദേശീയ മിലിട്ടറി വിഭാഗത്തിന്റെ തലവനായിരുന്ന നമ്പാല കേശവരാജ് ജനറൽ സെക്രട്ടറിയായതോടെ നേതൃത്വത്തിൽ വ്യാപക അഴിച്ചുപണിയുണ്ടായി. നേതാക്കളിൽ യുവാക്കൾക്കാണു കൂടുതൽ പ്രാതിനിധ്യം. ഈ മാറ്റത്തിന്റെ പ്രതിഫലനമാണ് ഉത്തരേന്ത്യയിൽ രണ്ടുമാസത്തിനിടെ ഉണ്ടായ തുടർച്ചയായ ഏറ്റുമുട്ടലുകൾ എന്നും അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നു. നിശ്ചിതസമയത്തിനുള്ളിൽ കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘടനാ ദലങ്ങൾക്കു നിർദേശമുണ്ട്. കേരളത്തിൽ നേരത്തെ തലപ്പുഴയിലും സായുധസംഘത്തെ കണ്ടെത്തിയിരുന്നു.