സഹോദരിമാരുടെ മക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു; മരണത്തിലും കൈവിട്ടില്ല ഹൃദയബന്ധം
ചങ്ങനാശേരി ∙ പാറക്കുളത്തിൽ വീണ് സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു. മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പ് വീട്ടിൽ പരേതനായ അനീഷ്– ആശ ദമ്പതികളുടെ മകൻ ആദർശ് (15), ആശയുടെ സഹോദരി മാങ്ങാനം മാധവശേരി ആനീസിന്റെ മകൻ അഭിനവ് (11) എന്നിവരാണ് മരിച്ചത്. സഹോദരിമാർ ഇരുവർക്കും ഏകമക്കളെയാണ് നഷ്ടപ്പെട്ടത്.

തൃക്കൊടിത്താനം ചെമ്പുപുറം പാറക്കുളത്തിലാണ് ഇന്നലെ നാടിനെ നടുക്കിയ സംഭവം. ആദർശും അഭിനവും മറ്റു രണ്ടു കുട്ടികളുമായി ഉച്ചയ്ക്ക് 12ന് ചെമ്പുപുറത്തുള്ള സ്വകാര്യവ്യക്തിയുടെ പാറക്കുളത്തിനു സമീപമെത്തി. മീനുകളെ നോക്കുന്നതിനിടെ അഭിനവ് കാൽവഴുതി വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആദർശ് രക്ഷിക്കാനായി കുളത്തിൽ ചാടി.
ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് മറ്റു കുട്ടികൾ ബഹളം വച്ചു. സമീപവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും ചേറും ചെളിയും കാരണം കണ്ടെത്താനായില്ല. തുടർന്ന് ചങ്ങനാശേരി അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
ആദർശിന്റെ പിതാവ് അനീഷ് 3 വർഷം മുൻപ് കാൻസർ ബാധിതനായി മരിച്ചിരുന്നു. തുടർന്ന് ആദർശിന്റെ മാതാവ് ആശയെ കുറിച്ചി എസ്പുരം സ്വദേശി സജിക്കുട്ടൻ വിവാഹം ചെയ്തിരുന്നു. അനീഷിന്റെ മാടപ്പള്ളി അഴകാത്തുപടിയിലെ വീട്ടിലെത്തിയതായിരുന്നു ആദർശും അഭിനവും.
ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. അഭിനവ് കോട്ടയം ഹോളി ഫാമിലി ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി. ആദർശിന്റെ സംസ്കാരം ഇന്ന് 2നു മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പ് വീട്ടുവളപ്പിൽ. അഭിനവിന്റെ സംസ്കാരം നാളെ പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ചിൽ.
മരണത്തിലും കൈവിട്ടില്ല ഹൃദയബന്ധം
ചങ്ങനാശേരി ∙ മരണത്തിന്റെ ആഴങ്ങളിലും കൈവിട്ടില്ല ഹൃദയബന്ധം. സഹോദരിമാരുടെ മക്കളായിരുന്നെങ്കിലും ഒരു ഉദരത്തിൽ നിന്നു പിറന്നു വീണ ഇഴയടുപ്പമായിരുന്നു ആദർശും (15) അഭിനവും (11) തമ്മിൽ. ചെമ്പുപുറം പാറക്കുളത്തിൽ നിന്നു രണ്ടു പേരുടെയും മൃതദേഹങ്ങൾ കോരിയെടുക്കുമ്പോൾ കുട്ടികളുടെ കൈകൾ കോർത്ത നിലയിലായിരുന്നു. കുഞ്ഞനുജനെ മരണത്തിലേക്കു വിട്ടുകൊടുക്കാതെ രക്ഷപ്പെടുത്താൻ ചാടിയ ജ്യേഷ്ഠൻ അവസാന പരിശ്രമമെന്ന പോലെ അവനെ വലിച്ചെടുക്കാൻ നോക്കിയിരിക്കാം. പക്ഷേ വിധി മരണത്തിന്റെ ആഴങ്ങളിലേക്ക് ഇരുവരെയും വലിച്ചെടുത്തു.
ആദർശിന്റെ അച്ഛന്റെ മരണത്തിനു ശേഷം അമ്മ ആശ രണ്ടാം വിവാഹം കഴിക്കുകയും ആദർശുമായി ഭർത്താവിന്റെ കുറിച്ചിയിലെ വീട്ടിലേക്കു താമസം മാറുകയുമായിരുന്നു. താമസം മാറിയെങ്കിലും പിതാവ് അനീഷിന്റെ മാടപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അവധിദിനം ലഭിക്കുമ്പോൾ ആദർശ് ഓടിയെത്തും. മുത്തച്ഛൻ പാപ്പനും മുത്തശ്ശി അമ്മിണിയും കൊച്ചുമകനെ സ്വീകരിക്കാൻ വീട്ടിലുണ്ടാകും. ഇവിടേക്ക് ആദർശിന്റെ അമ്മയുടെ സഹോദരി ആനീസിന്റെ മകൻ അഭിനവും എത്തും.
മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ രണ്ടിടങ്ങളിലായി ആശയും ആനീസും കൂട്ടിരിക്കാൻ പോയിരിക്കുകയായിരുന്നു. അതോടെ കുട്ടികളെ അനീഷിന്റെ വീട്ടിലാക്കുകയായിരുന്നു. സമീപത്തുള്ള രണ്ടു കുട്ടികളെയും കൂട്ടി ഇടവഴിയിലൂടെ കടന്ന് ചെമ്പുപുറം പാറക്കുളത്തിലേക്ക് എത്തിയപ്പോഴാണ് അപകടം. സ്വന്തം മകനെന്ന പോലെ വളർത്തിയ ആദർശിന്റെ വിയോഗമറിഞ്ഞ് രണ്ടാനച്ഛൻ സജിക്കുട്ടൻ പൊട്ടിക്കരഞ്ഞു.
ആദർശിന്റെ അമ്മ ആശ, പിതാവിനെ ഡിസ്ചാർജ് ചെയ്യുന്നതിനായി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. മകന്റെ വിയോഗം ആശയെ അറിയിച്ചിരുന്നില്ല. ആദർശിനു പനിയുണ്ടെന്നും മെഡിക്കൽ കോളജിലേക്ക് വരികയാണെന്നും സജിക്കുട്ടൻ അറിയിച്ചു. പനി വരുത്തിയതിനു മകനെ വഴക്കു പറയാനായി ആശുപത്രി വരാന്തയിൽ കാത്തുനിന്ന ആശയ്ക്കു മുൻപിലേക്ക് ആംബുലൻസിലെത്തിയത് ചേതനയറ്റ ആദർശിന്റെയും അഭിനവിന്റെയും ശരീരമാണ്. ആശയുടെ അണപൊട്ടിയ സങ്കടം ആശുപത്രി പരിസരത്തുണ്ടായിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
ഈ കുളത്തിൽ പൊലിഞ്ഞത് ആറു ജീവനുകൾ
ചങ്ങനാശേരി ∙ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ചെമ്പുപുറം പാറമടയിലെ കുളത്തിൽ ഇതു വരെ പൊലിഞ്ഞത് ആറു ജീവനുകളാണ്. ചുറ്റിലും പച്ചപ്പു നിറഞ്ഞ് തെളിഞ്ഞു കിടക്കുന്ന വെള്ളം കാണുമ്പോൾ ആർക്കും കടന്നു ചെല്ലാൻ തോന്നും. ഒറ്റനോട്ടത്തിൽ ആഴമുണ്ടെന്നു തോന്നില്ല. കുളത്തിലേക്ക് കാൽവച്ചാൽ ആഴങ്ങളിലേക്കാണ് പതിക്കുന്നത്. പാറമട ഉപേക്ഷിക്കപ്പെട്ടതോടെ ചിലർ കുളത്തിൽ മീൻവളർത്തൽ നടത്തിയിരുന്നു. എന്നാൽ പിന്നീട് ഉപേക്ഷിച്ചു.
മരണങ്ങൾ ഓരോന്നായി എത്തിയിട്ടും ബന്ധപ്പെട്ടവർ സംരക്ഷണ വേലിയോ മുന്നറിയിപ്പ് ബോർഡോ സ്ഥാപിച്ചിട്ടില്ല. സമീപത്ത് വീടുകളുണ്ടെങ്കിലും ആരുടെയും ശ്രദ്ധപെട്ടന്നു പതിയില്ല. ഇന്നലെ ആദർശിന്റെയും അഭിനവിന്റെയും കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് ആളുകൾ ഓടിയെത്തിയത്.