കാണപ്പെടാത്ത ആന്റണി: മനസ്സാക്ഷിയുടെ ബ്രാൻഡ് അംബാസഡർ
∙‘ജാനുവമ്മ പറഞ്ഞ കഥ’യിൽ മാധവിക്കുട്ടി താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഭംഗ്യന്തരേണ നിഷേധിക്കുന്നുണ്ട്. കൂടെ ജാനുവമ്മയുടെ ഭാഷയിൽ എ.കെ.ആന്റണിയെക്കുറിച്ചു പറയുന്നു: ‘ഇയ്ക്ക് അദ്യത്തെ നല്ലോണം അറിയാം. അദ്യം ഒരു പാവാ. നൊണ പറേല്യ. അത്രയ്ക്ക് ശ്ശണ്ട്. ഞായെത്ര തവണ അദ്യത്തിനു ചോറ് വിളമ്പിക്കൊട്ത്തടക്കുണു!
∙‘ജാനുവമ്മ പറഞ്ഞ കഥ’യിൽ മാധവിക്കുട്ടി താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഭംഗ്യന്തരേണ നിഷേധിക്കുന്നുണ്ട്. കൂടെ ജാനുവമ്മയുടെ ഭാഷയിൽ എ.കെ.ആന്റണിയെക്കുറിച്ചു പറയുന്നു: ‘ഇയ്ക്ക് അദ്യത്തെ നല്ലോണം അറിയാം. അദ്യം ഒരു പാവാ. നൊണ പറേല്യ. അത്രയ്ക്ക് ശ്ശണ്ട്. ഞായെത്ര തവണ അദ്യത്തിനു ചോറ് വിളമ്പിക്കൊട്ത്തടക്കുണു!
∙‘ജാനുവമ്മ പറഞ്ഞ കഥ’യിൽ മാധവിക്കുട്ടി താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഭംഗ്യന്തരേണ നിഷേധിക്കുന്നുണ്ട്. കൂടെ ജാനുവമ്മയുടെ ഭാഷയിൽ എ.കെ.ആന്റണിയെക്കുറിച്ചു പറയുന്നു: ‘ഇയ്ക്ക് അദ്യത്തെ നല്ലോണം അറിയാം. അദ്യം ഒരു പാവാ. നൊണ പറേല്യ. അത്രയ്ക്ക് ശ്ശണ്ട്. ഞായെത്ര തവണ അദ്യത്തിനു ചോറ് വിളമ്പിക്കൊട്ത്തടക്കുണു!
∙‘ജാനുവമ്മ പറഞ്ഞ കഥ’യിൽ മാധവിക്കുട്ടി താൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ഭംഗ്യന്തരേണ നിഷേധിക്കുന്നുണ്ട്. കൂടെ ജാനുവമ്മയുടെ ഭാഷയിൽ എ.കെ.ആന്റണിയെക്കുറിച്ചു പറയുന്നു: ‘ഇയ്ക്ക് അദ്യത്തെ നല്ലോണം അറിയാം. അദ്യം ഒരു പാവാ. നൊണ പറേല്യ. അത്രയ്ക്ക് ശ്ശണ്ട്. ഞായെത്ര തവണ അദ്യത്തിനു ചോറ് വിളമ്പിക്കൊട്ത്തടക്കുണു!
-
Also Read
ബെളഗാവിയിൽ ‘കേരള നേതൃയോഗം’
മുഖ്യമന്ത്രി ആന്റണിയെ ഓഫിസിൽ കണ്ടതിനെപ്പറ്റി മുൻ ഡിജിപി എ.ഹേമചന്ദ്രൻ സരസമായി പറഞ്ഞിട്ടുണ്ട്: മുഖ്യമന്ത്രിയോടാണ് സംസാരിക്കുന്നതെന്നു സ്വയം ഓർമിപ്പിച്ചില്ലെങ്കിൽ നമ്മൾ അറിയാതെ പരിധികടന്നു പോയേക്കാം. കാരണം, അത്ര പാവമായിട്ടാണ് ആന്റണി കാണപ്പെടുക. പക്ഷേ, കാണപ്പെട്ട ആന്റണി തന്റെ മനസ്സു കാട്ടിത്തരണം എന്നില്ല. കാണപ്പെടാത്ത ആന്റണിയും ഉണ്ട്. ഒരാളും ഉടനീളം അയാളല്ല എന്ന് കൽപറ്റ നാരായണൻ എഴുതിയിട്ടുണ്ടല്ലോ.
പാവമാണെങ്കിലും ആന്റണി ആരോടെങ്കിലും മനസ്സുതുറക്കും എന്നു കരുതരുത്. എന്തെങ്കിലും പറഞ്ഞുപോയാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും മാധ്യമങ്ങൾ വിവാദത്തിൽ ഉയിർപ്പിക്കും എന്ന ഉത്കണ്ഠയിലാണ് സ്ഥിരവാസം. അതുകൊണ്ട് ശതാഭിഷേകവേളയിലും ആസൂത്രിതവിസ്മൃതി തന്നെ.
എംടിയുടെ മൗനം ആരാധകരെ വാചാലരാക്കിയെന്ന് എം.മുകുന്ദൻ. ആന്റണിയുടെ മൗനം അനുയായികളെ വാചാലരാക്കി. അതു പക്ഷേ, മുകുന്ദൻ പറഞ്ഞ അർഥത്തിലല്ല എന്ന് ആന്റണിക്കും അറിയാം. എന്നാലും മിണ്ടില്ല.
ആന്റണി 84 വർഷം മുൻപു ജനിച്ചത് എന്തുകൊണ്ടും നന്നായി. അല്ലായിരുന്നെങ്കിൽ എതിരാളികളെ പറഞ്ഞിരുത്തി, എതിർപ്പുകളെ വിഴുങ്ങി തടിച്ചുകൊഴുക്കേണ്ട പുതിയകാല രാഷ്ട്രീയത്തിലെ നിലനിൽപു പരീക്ഷയിൽ തോറ്റുപോയേനെ. ഒരു പ്രാചീനപദ്യംപോലെ തിരസ്കരിക്കപ്പെട്ടേനെ.
ഭള്ള് പറയാനെന്നല്ല, ഉള്ളതു പറയാൻതന്നെ ആന്റണിയില്ല. പറയാനാണെങ്കിൽ പലതുണ്ട്. എ.കെ.ആന്റണി എന്ന മുഖ്യമന്ത്രി ഭാവിയുടെ അനുഭാവിയായിരുന്നു. 18–ാം വയസ്സിൽ വോട്ടവകാശം, തൊഴിലില്ലായ്മ വേതനം, സർക്കാർ ജീവനക്കാർക്കു ഫെസ്റ്റിവൽ അലവൻസ്, ആദ്യത്തെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ്, നോർക്ക രൂപീകരണം തുടങ്ങി ഒട്ടേറെ പുതിയ ചുവടുവയ്പുകൾ. ഉമ്മൻ ചാണ്ടി ജനകീയമാക്കിയ ജനസമ്പർക്കപരിപാടിയുടെ തുടക്കക്കാരനും ആന്റണിയായിരുന്നു. വല്ലാർപാടം പദ്ധതി ആന്റണി നേടിയെടുത്തതാണ്. പ്രതിരോധമന്ത്രിയായിരിക്കെ വിഴിഞ്ഞം പദ്ധതിക്ക് ‘ക്ലിയറൻസ്’ നൽകിയ ആന്റണി ബ്രഹ്മോസ് ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ കേരളത്തിലേക്കു കൊണ്ടുവന്നു. കൊച്ചി കപ്പൽശാലയ്ക്കും നാവിക അക്കാദമിക്കും പുതിയ വിതാനങ്ങൾ നൽകി. വിമുക്തഭടന്മാർക്ക് ‘വൺ റാങ്ക് വൺ പെൻഷൻ’ പദ്ധതിക്കു തുടക്കം കുറിച്ചതും ആന്റണിതന്നെ.
കേരളത്തിലെ രാഷ്ട്രീയ റെക്കോർഡുകൾ ഏറെയും ആന്റണിയുടെ പേരിലാണ്. 32–ാം വയസ്സിൽ കെപിസിസി പ്രസിഡന്റ്, 36–ാം വയസ്സിൽ മുഖ്യമന്ത്രി. പിന്നീട് 2 തവണകൂടി മുഖ്യമന്ത്രി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം പ്രതിരോധമന്ത്രിപദവി. കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായിരുന്ന മറ്റൊരു മലയാളിയില്ല. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ കഴിഞ്ഞാൽ കേരളത്തിൽനിന്ന് രാജ്യത്തെ ഏറ്റവും ഉന്നതപദവിയിലെത്തിയ നേതാവും ആന്റണിതന്നെ.
ആന്റണി ഒന്നിനോടും മത്സരിക്കില്ല, സ്വന്തം പരിമിതികളോടുപോലും. ജീവിതത്തെ മഹത്തരമായ ഒരു ബാധ്യതപോലെ കൊണ്ടുനടക്കുന്നു. ‘ആന്റണിയുടെ കുരിശ് ആന്റണി തന്നെയായിരുന്നു’ എന്നു കവി ചുള്ളിക്കാട് പി.ജെ.ആന്റണിയെക്കുറിച്ച് എഴുതിയത് എ.കെ.ആന്റണിയെക്കുറിച്ചാണോ എന്നു സംശയിപ്പിക്കും. മത്സരിച്ചില്ല എന്നു കരുതി ആന്റണി വിജയിക്കാതിരുന്നിട്ടില്ല. വിശ്വാസിയല്ലെങ്കിലും ദൈവത്തിനും വിശ്വസ്തനായ ആന്റണിയുടെ വീഴ്ചകൾപോലും ഉയരത്തിലേക്കായിരുന്നു.
ആന്റണിയെ അരസികനായി കാണുന്നവരുണ്ട്. ഒരുമാതിരിപ്പെട്ട രസികന്മാർക്കൊന്നും അദ്ദേഹം കാതുകൊടുക്കില്ല. കൊടുത്താൽതന്നെ ഒരു ഫലിതം പൂർത്തിയാക്കാനുള്ള സമയം കിട്ടില്ല. ഒരു സ്നേഹിതനും അദ്ദേഹത്തിനു സ്വന്തം സംശയത്തെക്കാൾ വലുതല്ല. എന്നാൽ, ഇതിനർഥം ആന്റണി ആരെയും സഹായിക്കില്ല എന്നല്ല. സഹായം കിട്ടിയവർക്കുതന്നെ അറിയില്ല ആന്റണിയാണ് സഹായിച്ചതെന്ന്. ആന്റണിയൊട്ടു പറയുകയുമില്ല. തമാശ പറയാത്തയാളോ ആസ്വദിക്കാത്തയാളോ അല്ല. എന്നാൽ, തമാശ പറയുമ്പോഴും കേട്ടു ചിരിക്കുമ്പോഴും അങ്ങനെ ചെയ്യാമോ എന്ന സംശയം മുഖത്തു കാണാം.
ആന്റണിയെ ചിരിപ്പിച്ച ഒരു ചോക്ലേറ്റ് കഥ. കൊച്ചിയിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രയാണ്. കൂടെ ഭാര്യ എലിസബത്തും കുട്ടികളുമുണ്ട്. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും കവി സുഗതകുമാരിയും ആന്റണിയുടെ അടുത്ത സീറ്റുകളിൽ ഉണ്ടായിരുന്നു.
അനിലും അജിത്തും അന്നു കുട്ടികളാണ്. ആന്റണി സുഗതകുമാരിയുമായി സംസാരിച്ചിരിക്കെ എയർഹോസ്റ്റസ് ട്രേ നിറയെ ചോക്ലേറ്റുമായി വന്നു. ആന്റണിയുടെ തൊട്ടടുത്തിരുന്ന അജിത് അതിൽനിന്ന് ഒരുപിടി വാരുന്നു. അസ്വസ്ഥനായി ആന്റണി മകനെ ഉപചാരമര്യാദ പഠിപ്പിക്കുന്നു: ‘ഓരോന്നേ എടുക്കാവൂ!’
അച്ഛന്റെ അച്ചടക്കത്തിനു വഴങ്ങി അജിത് മിഠായികളെല്ലാം ട്രേയിൽ തിരികെയിട്ടിട്ട് ഓരോന്നായി അത്രയുംതന്നെ പെറുക്കിയെടുത്തു. ആന്റണി ചിരിച്ചുപോയി. ‘ടീച്ചർക്ക് എന്നെപ്പറ്റിയുള്ള മതിപ്പു പോയിക്കാണും അല്ലേ’ എന്ന് സുഗതകുമാരിയോടു ചോദ്യം. സുഗതകുമാരി പറഞ്ഞു, ‘ഇല്ല, മതിപ്പു കൂടിയതേയുള്ളൂ.’
ഇവിടെ കൂട്ടിവായിക്കാൻ ലീഡറുടെ ചോക്ലേറ്റ് പ്രിയമുണ്ട്. ഏതു വിമാനയാത്രയിലും എയർഹോസ്റ്റസ് ചോക്ലേറ്റ് കൊണ്ടുവരുമ്പോൾ കെ.കരുണാകരൻ പേരക്കുട്ടികളെ ഓർക്കുമായിരുന്നു. ഒന്ന്, അല്ലെങ്കിൽ രണ്ട് എന്ന കണക്കിൽ ഓരോരുത്തരും എടുക്കുമ്പോൾ കരുണാകരൻ ഒരുപിടി വാരും. അതു നാണക്കേടാണെന്നു പറഞ്ഞിട്ടും അച്ഛൻ ശീലം മാറ്റിയില്ലെന്നു മകൾ പത്മജ അനുസ്മരിച്ചിട്ടുണ്ട്. ഈ ചോക്ലേറ്റുകൾ പേരക്കുട്ടികൾക്കു കൊടുക്കുമ്പോഴത്തെ സന്തോഷം മാത്രമായിരുന്നു ലീഡറുടെ മനസ്സിൽ.
ഇനി കവി ബാലചന്ദ്രൻ ചുള്ളിക്കാട് കഷ്ടപ്പാടിന്റെ കാലത്ത് വീക്ഷണത്തിൽ ജോലിതേടി കെപിസിസി പ്രസിഡന്റിന്റെ മുന്നിൽ അഭിമുഖത്തിനെത്തിയ കഥ. ആന്റണി ബാലചന്ദ്രനോടു ചോദിച്ചു: ഇന്ത്യയിൽ ഏറ്റവും ശക്തമായ രാഷ്ട്രീയപാർട്ടി ഏതാണ്?
ബാലചന്ദ്രൻ പറഞ്ഞു: കോൺഗ്രസ്.
ആന്റണി ഓർമിപ്പിച്ചു: ഞാൻ ചോദിച്ചത് ഇന്ത്യയിലെ വലിയ രാഷ്ട്രീയപാർട്ടി ഏതെന്നല്ല. ഏറ്റവും ശക്തമായ പാർട്ടി ഏതെന്നാണ്?
ബാലചന്ദ്രൻ ആവർത്തിച്ചു: കോൺഗ്രസ്
തീപ്പൊരി കവിയും നക്സലൈറ്റും എന്നൊക്കെ പറഞ്ഞിട്ട് എങ്ങനെയും വീക്ഷണത്തിൽ കയറിപ്പറ്റാനുള്ള സൂത്രമാണോ എന്ന് ആന്റണി സംശയിച്ചു. അതുകൊണ്ട് വീണ്ടും ചോദിച്ചു: എന്തുകൊണ്ട് കോൺഗ്രസ്?
ബാലചന്ദ്രൻ പറഞ്ഞു: മറ്റെല്ലാ പാർട്ടിക്കാരും സ്വന്തം പാർട്ടിയെ വളർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസുകാർ എത്രകാലമായി കോൺഗ്രസിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു? എന്നിട്ടും അതു നടക്കുന്നില്ലല്ലോ. അപ്പോൾ കോൺഗ്രസല്ലേ ഏറ്റവും ശക്തമായ പാർട്ടി?.
ആന്റണിക്കു ചിരി പൊട്ടിപ്പോയി. ബാലചന്ദ്രനു വീക്ഷണത്തിൽ ജോലി ഉറപ്പായി.
ആന്റണിയുടെ ഉള്ളുപൊട്ടിയ കഥകളുമുണ്ട്. അപൂർവം ചിലരോട് അത്യപൂർവമായി മാത്രം പറയുന്നവ. അവരോടു പങ്കിടുന്ന ഏറ്റവും വലിയ ദുഃഖം കോൺഗ്രസിലെ നേതാക്കൾ ഗ്രുപ്പുതിരിഞ്ഞ് ഹൈക്കമാൻഡിന്റെ ക്ഷമ കെടുത്തുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ നിശ്ശബ്ദനായിരിക്കുമ്പോഴും പ്രതിസ്ഥാനത്ത് ആന്റണിക്കു സ്ഥാനം ഉറപ്പായിരുന്നു. ഈ ദുരനുഭവത്തെപ്പറ്റി ഒരിക്കൽ പറഞ്ഞതിങ്ങനെ: ‘അതു ശീലമായിപ്പോയി. ഹൈക്കമാൻഡ് നല്ല തീരുമാനങ്ങളെടുത്താൽ അതിന് അവകാശികൾ പലരുണ്ടായിരുന്നു. ആർക്കെങ്കിലും ഇഷ്ടപ്പെടാത്ത തീരുമാനമാണെങ്കിൽ അതിന്റെ അവകാശം എന്നും എനിക്കു വകവച്ചു തന്നിരുന്നല്ലോ’.
ഉമ്മൻ ചാണ്ടിയുടെ വിയോഗംപോലെ ആന്റണിയെ ഉലച്ച മറ്റൊന്നില്ല. വിയോജിപ്പുകളിൽ അടിയുറച്ചുനിന്ന് ഇതുപോലെ പരസ്പരം അംഗീകരിച്ച രണ്ടുപേർ വേറെയില്ല.
അനിൽ ആന്റണി ബിജെപിയിൽ സ്വന്തം ഭാവി നിക്ഷേപിച്ചപ്പോഴും എല്ലാം നഷ്ടപ്പെട്ട നിക്ഷേപകനെപ്പോലെ കാണപ്പെട്ടു ആന്റണി. ബിജെപിയിൽപോലും അനിലിന്റെ മൂലധനം ആന്റണിയുടെ സൽപേരാണ്.
വിമർശകർ ഓട്ടം പഠിപ്പിക്കുന്ന കാലില്ല ആന്റണിക്ക്. പ്രയോഗത്തിന്റെ തീവ്രശുദ്ധിയിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് ചലനം കുറവാണ്. മനസ്സാക്ഷിയുടെ ബ്രാൻഡ് അംബാസഡറാണ്. വർത്തമാനകാല രാഷ്ട്രീയത്തിൽ അത്യപൂർവമായ സത്യസന്ധതയ്ക്കുള്ള അവാർഡുപോലും സ്വീകരിക്കില്ല. എത്ര നിർബന്ധിച്ചിട്ടും ഇന്നോളം ഒരു അവാർഡോ ബഹുമതിയോ വ്യക്തിപരമായ സമ്മാനമോ വാങ്ങിയിട്ടില്ല. ഭൂരിപക്ഷത്തിന്റെ അധികാരം പാലിക്കാത്ത ഒരേയൊരു വസ്തു മനസ്സാക്ഷിയാണെന്ന ഹാർപ്പർ ലീയുടെ വാക്യത്തിനു സാക്ഷ്യമെന്നോണം ഗുണപുഷ്പവാടിയായി തുടരുന്നു, ആന്റണി. ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യാത്ത നിത്യസന്യാസി എന്ന ഭാവത്തിൽ.
പുതിയ ഉയരങ്ങൾക്കിടയിൽ പഴമ പൊക്കം കുറഞ്ഞ് കുനിഞ്ഞു നിൽക്കുന്നു എന്ന് കെ.ജി.ശങ്കരപ്പിള്ള എഴുതിയത് ഷാങ്ഹായ് ബണ്ടിനെക്കുറിച്ചാണ്. പുതിയകാലം ആവശ്യപ്പെടുന്ന സാമർഥ്യത്തിലൂടെ ഉയരം നേടിയവർക്കിടയിൽ പൊക്കം കുറഞ്ഞ് കാണപ്പെടുന്നുവെങ്കിലും ശിരസ്സുയർത്തിത്തന്നെ നിൽക്കുന്നു എ.കെ.ആന്റണി – ‘ഒരാളൊരാളാവാൻ അയാളായാൽ മതി’ എന്ന എം.ഗോവിന്ദൻ വചനത്തിന്റെ ആദർശരൂപമായി.