പ്രത്യാശയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസ്

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പാതിരാകുർബാന. ചിത്രം: സജീഷ് പി. ശങ്കരൻ.

തിരുവനന്തപുരം ∙ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. യേശുദേവന്‍റെ തിരുപ്പിറവി മുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാനിര്‍ഭര മനസ്സുമായി ആയിരങ്ങള്‍. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത‍ സഹായമെത്രാൻ ക്രിസ്തുദാസും പ്രാർഥനാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പാതിരാകുർബാന. ചിത്രം: സജീഷ് പി. ശങ്കരൻ.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. പട്ടം സെന്‍റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനായി. വഴികാട്ടുന്ന നക്ഷത്രങ്ങള്‍ അനുഗ്രഹം ചൊരിയുന്ന രാവില്‍ നൂറുകണക്കിന് വിശ്വാസികള്‍ പാളയം സെന്‍റ് ജോസഫ് പളളിയില്‍ പാതിരാകുര്‍ബാനയില്‍ പങ്കെടുത്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത‍ സഹായമെത്രാൻ ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രാര്‍ഥനകള്‍ കോട്ടകളായി രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ തിരുപ്പിറവിയുടെ സന്ദേശം ഹൃദയങ്ങളിലേക്ക്.