Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താപനില ഉയരുന്നു; തൃശൂരിൽ 39.7ഡിഗ്രി

heat-kerala

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് തൃശൂർ വെള്ളാനിക്കരയിൽ–39.7 ഡിഗ്രി സെൽഷ്യസ്. പട്ടാമ്പിയിൽ 39.4 ഡിഗ്രി ചൂട് അനുഭവപ്പെട്ടതോടെ പാലക്കാടു ജില്ലയും അത്യുഷ്ണത്തിന്റെ പിടിയിലായി. കഴിഞ്ഞ വർഷം പാലക്കാട്ട് ചൂടു 41 ഡിഗ്രി വരെ എത്തിയിരുന്നു. കോഴിക്കോട്ട് 35.2 ഡിഗ്രി ആയിരുന്നു ഇന്നലത്തെ ചൂട്. ജില്ലയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 37.2 ഡിഗ്രിയായിരുന്നു.

മലപ്പുറത്ത് 33, കണ്ണൂരിൽ 35.2, കാസർകോട് 32 ആയിരുന്നു ചൂട്. കൊല്ലം ജില്ലയിലെ പുനലൂരിൽ 38 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം 33, കൊച്ചി 31.8, ഇടുക്കി 34, വയനാട് 33, കോട്ടയം 32. ആലപ്പുഴ ജില്ലയുടെ ചരിത്രത്തിൽ ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ 16ന് – 37.5 ഡിഗ്രി.

ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

∙ മുൻകാലങ്ങളിൽ വെയിലേറ്റു പൊള്ളലോ മറ്റു ശാരീരിക അവശതയോ അനുഭവപ്പെട്ടവർ കൂടുതൽ ജാഗ്രത പാലിക്കണം. ∙ 12 മുതൽ മൂന്നുമണി വരെ നേരിട്ടു വെയിൽ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം ∙ പുറത്തേക്കിറങ്ങുമ്പോൾ കുട ചൂടണം.

∙ ധാരാളം വെള്ളം കുടിക്കണം ∙ ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. ∙ പ്രായമായവർ, ഹൃദയം, വൃക്ക, കരൾ സംബന്ധമായ അസുഖമുള്ളവർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധിക്കണം.

പടരുന്ന കാട്ടുതീ; പലായനം ചെയ്ത് വന്യമൃഗങ്ങൾ

പാലക്കാട്, മലപ്പുറം, വയനാട്, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാട്ടുതീയിൽ വൻനാശം. കൊല്ലം ജില്ലയുടെ കിഴക്കൻ വനമേഖലയിൽ ഹെക്ടർ കണക്കിനു വനം കാട്ടുതീക്ക് ഇരയായി. ഇടമൺ അണ്ടൂർപച്ച സ്വാഭാവിക വനത്തിലെ തീപിടിത്തത്തിൽ 400 ഏക്കർ കത്തിനശിച്ചു. ആര്യങ്കാവ്, തെന്മല റേഞ്ചുകളിൽ 1000 ഹെക്ടറോളം വനം നശിച്ചതായാണു കണക്ക്.

മലപ്പുറം എടവണ്ണ മേഖലയിലെ കാടുകളിലുംതീ പതിവായിരിക്കുകയാണ്. ഒതായി ചോലാറവനത്തിൽ 200 ഏക്കറും കൊളക്കാട്ടിരി മലയിൽ 100 ഏക്കറും കത്തിച്ചാമ്പലായി. പത്തപ്പിരിയം പുതുക്കുടി മലയിലും തീപിടിത്തമുണ്ടായി. നിലമ്പൂർ മൂവായിരം ഏക്കർ മലവാരത്തിൽ 50 ഏക്കർ വനം കത്തിനശിച്ചു.

വയനാട് വന്യജീവി സങ്കേതത്തോടു ചേർന്ന കർണാടകയിലെ ബന്ദിപ്പൂർ ക‌ടുവാസങ്കേതം മുക്കാൽഭാഗവും കാട്ടുതീയിൽ നശിച്ചു. പാലക്കാടു ജില്ലയിൽ ഈ വർഷം 85 ഹെക്ടർ വനമാണു കാട്ടുതീയിൽ നശിച്ചത്.

കണ്ണൂർ ചെറുപുഴ ചാത്തമംഗലം എരുവുമലയിൽ വനത്തിൽ 10 ഏക്കർ പുൽമേട് കത്തിനശിച്ചു. ഇരിട്ടി ചതിരൂർ നീലായ്മലയിൽ ഏഴര ഏക്കർ അടിക്കാടും പരിസരത്തെ കൃഷിയിടങ്ങളും കത്തിനശിച്ചു. കാസർകോട്ട് ഏക്കർ കണക്കിനു പുൽമേടുകളാണു ദിവസവും കത്തിനശിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത മൈലാട്ടിയിൽ 10 ഏക്കറിലേറെ സ്ഥലത്താണു തീപടർന്നത്.

Your Rating: