Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തു നീക്കി; മഹിജയെ വലിച്ചിഴച്ചു നീക്കി

Mahija ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പൊലീസ് ശ്രമം. ചിത്രം: ബി. ജയചന്ദ്രൻ

തിരുവനന്തപുരം∙ ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞു. ജിഷ്ണുവിന്റെ അമ്മ ഉൾപ്പെടെയുള്ളവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഡിജിപി ഓഫിസിനു 100 മീറ്റർ അടുത്തായിരുന്നു സംഭവം. റോഡിൽ കിടന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. മഹിജയെ പൊലീസ് വലിച്ചിഴച്ചാണു കൊണ്ടുപോയത്. ഇതിനിടെ അവർ തളർന്നുവീഴുകയും ചെയ്തു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റി. ഡിജിപിയുടെ ഓഫിസിനു മുന്നിൽ നാടകീയ രംഗങ്ങളാണ് രാവിലെ അരങ്ങേറിയത്.

രാവിലെ ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ചർച്ചയ്ക്കു ക്ഷണിച്ചിരുന്നു. കുടുംബാംഗങ്ങളായ ആറുപേർക്കു ചർച്ചയിൽ പങ്കെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ എല്ലാവർക്കും കാണണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും അടക്കം 16 പേരടങ്ങുന്ന സംഘമാണു സമരം നടത്താനെത്തിയത്. രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.

കേസിൽ ഒന്നാം പ്രതിയായ നെഹ്‌‌റു ഗ്രൂപ്പ് ചെയർമാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്‍റെ അമ്മ മഹിജ രാവിലെ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.

പൊലീസിന്റെ നടപടി വിവാദമായതിനെത്തുടർന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പേരൂർക്കടയിലെ ആശുപത്രിയിലെത്തി മഹിജയെ കണ്ടു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള സംയമന നീക്കങ്ങളുടെ ഭാഗമായി ഐജി മനോജ് ഏബ്രഹാം ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മാവനുമായും മറ്റു ബന്ധുക്കളുമായും ചർച്ച നടത്തിയിരുന്നു. ആർക്കുവേണമെങ്കിലും ഏതു സമയത്തും ഡിജിപിയെ കാണാമെന്നും എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം നടത്താൻ ആരെയും അനുവദിക്കില്ലെന്നും ആശുപത്രിക്കു പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മർദനത്തിൽ പരുക്കേറ്റ മഹിജയെ പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പേരൂർക്കട ആശുപത്രിക്കുമുന്നിൽ ബിജെപി, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. ജിഷ്ണുവിന്റെ ബന്ധുക്കളെ കാണാൻ എത്തിയപ്പോൾ പ്രതിഷേധക്കാർ ഐജിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.

Your Rating: