ഇൻഡോർ ∙ മാക്സ്വെല്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഐപിഎൽ പത്താം സീസണിലെ ആദ്യ മൽസരത്തിൽ പുണെ സൂപ്പർ ജയന്റിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ജയം. പുണെ ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യം ഒരോവറും ആറു വിക്കറ്റും ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. സ്കോർ: പഞ്ചാബ്– 164/4. പുണെ–163/6.
പുറത്താകാതെ ഇരുപത് പന്തിൽ 44 റൺസ് നേടിയ മാക്സ്വെൽ ആണ് പഞ്ചാബിന്റെ ജയം എളുപ്പമാക്കിയത്. നാലു സിക്സും രണ്ടു ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു മാക്സ്വെല്ലിന്റെ ബാറ്റിങ്ങ്. 30 റൺസുമായി മില്ലറും 28 റൺസുമായി ഹാഷിം അംലയും തിളങ്ങി. പുണെയ്ക്കായി ഇംമ്രാൻ താഹിർ രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ പഞ്ചാബ് പുണെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്റ്റോക്സിന്റെ അർധസെഞ്ചുറി (50) മികവിലാണ് പുണെ മെച്ചപ്പെട്ട സ്കോർ നേടിയത്. 23 പന്തിൽ പുറത്താകാതെ മനോജ് തിവാരി 40 റൺസ് നേടി. സ്മിത്ത് 26 റൺസ് നേടിയപ്പോൾ ധോണിക്ക് അഞ്ചു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. പഞ്ചാബിനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്ത്തി.