കുഞ്ഞാലിക്കുട്ടി എങ്ങനെ കുഞ്ഞാപ്പയായി? ചില മലപ്പുറം കൗതുക കാഴ്ചകൾ

മലപ്പുറം ∙ കൗതുകങ്ങളുട‌െ‌ തുരുത്താണ് ഓരോ വ്യക്തിയും. ലീഗ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയും സിപിഎം സ്ഥാനാർഥി എം.ബി.ഫൈസലും ബിജെപി സ്ഥാനാർഥി ശ്രീപ്രകാശുമെല്ലാം സ്വഭാവത്തിൽ ചില കൗതുകങ്ങൾ സൂക്ഷിക്കുന്നവരാണ്. മലപ്പുറത്തെ പ്രമുഖ സ്ഥാനാർഥികൾ കടന്നുവന്ന വഴികളിലെ കൗതുക കാഴ്ച്ചകളിലേക്ക്..

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. ചിത്രം: സമീർ.എ. ഹമീദ്.

പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‍ലിം ലീഗ്)

ഔദ്യോഗിക പേര് പി.കെ.കുഞ്ഞാലിക്കുട്ടി. നാ‌ട്ടുകാർക്കും വീട്ടുകാർക്കും കുഞ്ഞാപ്പ. കുഞ്ഞാലിക്കുട്ടിക്ക് എങ്ങനെ കുഞ്ഞാപ്പയെന്നു  പേരുകിട്ടി? ആരാണ് കു‌ഞ്ഞാപ്പയെന്ന് ആദ്യം വിളിച്ചത്? അമ്മ ഫാത്തിമക്കുട്ടിയാണ് ആദ്യമായി കുഞ്ഞാപ്പയെന്നു വിളിച്ചത്. ജേഷ്ഠൻ പി.കെ.ഹൈദ്രുഹാജിയുടെ വിളിപ്പേര് ബാപ്പുട്ടി. അനുജൻ പി.കെ.കുഞ്ഞീതു നാട്ടിൽ അറിയപ്പെടുന്നത് കുഞ്ഞുവെന്നപേരിൽ. 

ഏതു സ്ഥലത്തായാലും രാവിലെയുള്ള നടത്തം കുഞ്ഞാലിക്കുട്ടി മുടക്കാറില്ല. മലപ്പുറത്തെ വീട്ടിലാണെങ്കിൽ വീടിനു ചുറ്റുമാണ് നടത്തം. കുറച്ചുവർഷങ്ങളായി യോഗ ചെയ്യുന്ന ശീലമുണ്ട്. പുസ്തകങ്ങൾ വായിച്ച് സ്വയം പഠിച്ചതാണ്. ഇപ്പോൾ പതിവായി യോഗചെയ്യുന്നു. കൃഷിയാണ് മറ്റൊരാവേശം. രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. വീടിനു തൊട്ടടുത്തുള്ള പറമ്പിൽ പച്ചക്കറികളും അലങ്കാരമീനും കൃഷിചെയ്യുന്നുണ്ട്. തിരക്കില്ലാത്ത ദിവസങ്ങളിൽ രാവിലെ മണിക്കൂറുകളോളം കൃഷിയിടത്തിൽ സജീവമാകും. തിരുവനന്തപുരത്തെ വാടകവീട്ടിലും പച്ചക്കറി കൃഷിയുണ്ട്. പുറത്തുനിന്ന് പച്ചക്കറി വാങ്ങുന്ന പതിവില്ല.

∙എം.ബി.ഫൈസൽ (സിപിഎം)

ഡിഗ്രി പഠനകാലത്ത് പ്രാദേശിക ചാനലിൽ അവതാരകനായിരുന്നു എം.ബി.ഫൈസൽ. പ്രേക്ഷകർ ആവശ്യപ്പെ‌‌ടുന്ന പാട്ടുകൾ അവതരിപ്പിക്കുന്ന പരിപാടിയായിരുന്നു. പിന്നീട്, എൽഎൽബി പഠനത്തിനുശേഷം ജേണലിസത്തിൽ ഡിപ്ലോമയെടുത്തു. പക്ഷേ, പത്രലോകത്ത് തുടരാനായില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസൽ. ചിത്രം: സമീർ.എ. ഹമീദ്.

അമ്മാവൻമാരാണ് ഫൈസലിനെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്. ബാപ്പ ബീരാൻകുട്ടിയു‌െട കുടുംബം ലീഗ് അനുഭാവികളാണ്. ഉമ്മ ഫാത്തിമയുടെ വീട്ടുകാർ സിപിഎം അനുഭാവികളും. അമ്മാവൻമാരുടെ വഴി പിൻതുടർന്ന് ഫൈസലും ജേഷ്ഠൻ മുസ്തഫയും സിപിഎം പ്രവർത്തകരായി. ഫൈസൽ ഇപ്പോൾ ഡിവൈഎഫ്ഐ ജില്ലാ പ്രഡിഡന്റാണ്. സഹോദരൻ മുസ്തഫ വട്ടംകുളം പഞ്ചായത്ത് മുൻപ്രസിഡന്റും നിലവിൽ വൈസ് പ്രസിഡന്റുമാണ്. യാത്രയാണ് സ്ഥാനാർഥിയുടെ ഇഷ്ടവിനോദം.

∙ ശ്രീപ്രകാശ് (ബിജെപി)

പഠനകാലത്ത് നാടകങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീപ്രകാശ്. സ്കൂളിൽ മികച്ച നടനുള്ള സമ്മാനം നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽനിന്ന് എൽഎൽബി പൂർത്തിയാക്കിയ ഉടൻ വിവാഹം. സഹപാഠിയെ പ്രണയിച്ചു വിവാഹം കഴിച്ചതോടെ ഇരുവരെയും വീട്ടുകാർ പുറത്താക്കി. സുഹൃത്തുകളുടെ സഹായത്തോട‌െ വാടക വീട്ടിൽ താമസം. പിന്നീട് വക്കീലായി പ്രാക്ടീസ് തുടങ്ങി. ഇരുവീട്ടുകാരും ഇപ്പോൾ പ്രണയം അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് സ്ഥാനാർഥി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി ശ്രീപ്രകാശ്. ചിത്രം: സമീർ.എ. ഹമീദ്.