Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാന പ്രശ്നം; നാട്ടിലെത്തിയാൽ കൊല്ലും: യുവതിക്ക് പിതാവിന്റെ വധഭീഷണി

nasla-vivek

മലപ്പുറം∙ ഇതര മതസ്ഥനെ വിവാഹം കഴിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് സ്വന്തം പിതാവില്‍നിന്നു വധഭീഷണി. തങ്ങളെ കൊല്ലാന്‍ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സംശയിക്കുന്നതായി വേങ്ങര ഊരകം സ്വദേശി നസ്‍ല മനോരമ ന്യൂസിനോടു പറഞ്ഞു. സമ്മര്‍ദം എത്ര കടുപ്പിച്ചാലും മതം മാറാന്‍ ഒരുക്കമല്ലെന്നാണ് നസ്‍ലയും ഭർത്താവ് വിവേകും സ്വീകരിച്ചിരിക്കുന്ന നിലപാട്.

ജീവിക്കാന്‍ അനുവദിക്കണമെന്ന് വീട്ടുകാരോടു കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ട മട്ടില്ലെന്ന് നസ്‌ല പറയുന്നു. ജൂലൈ 12 നായിരുന്നു നസ്‍ലയുടേയും വിവേകിന്‍റെയും വിവാഹം. അതിനു ശേഷം ബന്ധുക്കൾ നസ്‌ലയെ തട്ടിക്കൊണ്ടുപോയെങ്കിലും സംഭവം കേസായതോടെ തിരികെവിടുകയായിരുന്നു. പിതാവ് അബ്ദുൽ ലത്തീഫിൽനിന്നാണ് ഏറ്റവുമൊടുവില്‍ വധഭീഷണി വന്നതെന്ന് നസ്‌ല പറയുന്നു. പ്രവാസിയായ അബ്ദുല്‍ ലത്തീഫ് ഈ പ്രശ്നം മൂലം ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അബ്ദുല്‍ ലത്തീഫിന്‍റെ ഏറ്റവും ഒടുവിലത്തെ ഭീഷണി സന്ദേശം നസ്‍ലയും വിവേകും പൊലീസിന് കൈമാറി. വിവേകിന്‍റെ അച്ഛന്റെ ഫോണിലേയ്ക്കാണു ഭീഷണി സന്ദേശം എത്തിയത്. 

ദമ്പതികളെയും വിവേകിന്‍റെ അച്ഛനെയും കൊല്ലേണ്ടതു തന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമാണെന്ന് സന്ദേശത്തിൽ പറയുന്നു. നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയാറായാണു വരുന്നത്. നേരിട്ടു മുട്ടാന്‍ തയാറായിക്കോ എന്നും സന്ദേശത്തിലുണ്ട്. തങ്ങളെ വകവരുത്താനായി ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്ന സംശയത്തിലാണ് നസ്‌‌ല. അമ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു എന്നാണു മനസ്സിലാക്കുന്നത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്‍റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. പക്ഷേ ഇതു മാതാപിതാക്കളുടെ താല്‍പര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഗൂഢതാല്‍പര്യങ്ങളുള്ള ചിലർ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുകയാണെന്നും നസ്‌ല പറയുന്നു. അവരുടെ പ്രതികരണങ്ങളും പ്രവൃത്തികളും ഇതിന്‍റെ ഫലമാണ്. പക്ഷേ ഇതെവിടെ വരെയെത്തും എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. 

മതം മാറാതെയാണ് കോഴിക്കോട് വൈരാഗി മഠത്തിൽവച്ച് നസ്‍ലയും വിവേകും വിവാഹിതരായത്. തുടര്‍ന്ന് ഈ മാസം 14ന് നസ്‍ലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ ഏര്‍വാഡിയില്‍ താമസിപ്പിച്ചു. രാമനാട്ടുകര ഭവന്‍സ് കോളജില്‍ നിന്നാണ് ഉമ്മയും സഹോദരിയും ചേര്‍ന്ന് അമ്മാവന്‍റെ സഹായത്തോടെ കാറില്‍ തട്ടിക്കൊണ്ടു പോയത്. അവിടെയെത്തിച്ചു മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. കേസ് ആയതോടെയാണ് നസ്‌‌ലയെ വീട്ടുകാര്‍ കോടതിയില്‍ ഹാജരാക്കിയത്. 

വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്‍ലയ്ക്ക് കോടതി അനുമതി നല്‍കി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്‌ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അടക്കമുള്ളവര്‍. തട്ടിക്കൊണ്ടു പോയതിന് മാതാവ് ബുഷ്റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

related stories