Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷിച്ചത് സാത്താൻ സേവയിലെ ആസ്ട്രൽ പ്രൊജക്‌ഷൻ: കാഡൽ ജീൻസൺ

Cadell Jeansen Raja നന്തൻകോട് ക്ലിഫ്ഹൗസിന് സമീപം ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരുടെ കെ‍ാലപാതകം നടത്തിയ പ്രതി കാഡൽ ജീൻസൺ രാജയെ കമ്മിഷർ ഒ‍ാഫീസിൽ നിന്ന് വൈദ്യപരിശോധനയ്ക്കു കെ‍ാണ്ടുപോകുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കാഡൽ ജീൻസൺ രാജിനെ ചോദ്യംചെയ്ത അന്വേഷണ സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു താൻ നടത്തിയതെന്ന് കാഡൽ മൊഴി നൽകി. ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ എന്ന പരീക്ഷണമാണു നടത്തിയത്. ശരീരത്തിൽനിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്നതിനുള്ള ശ്രമമാണിതെന്നും ജീൻസൺ മൊഴി നൽകി. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം െചയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാകും വിശദമായ ചോദ്യം ചെയ്യൽ.

Read More : ആസ്ട്രൽ പ്രൊജക്ഷൻ എന്തുകൊണ്ട് ? കാരണങ്ങളും മനഃശാസ്ത്ര വശങ്ങളും

പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുന്നെന്നാണു കാഡൽ ജീൻസൺ പൊലീസിനു മൊഴി നൽകിയത്. ഓസ്ട്രേലിയയിൽനിന്നു നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണു സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണു താൻ നടത്തിയതെന്നും കാഡൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പറഞ്ഞു.

എന്നാൽ ഇൗ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കാഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കാഡൽ ജിൻസണിന്റെ മാനസികാവസ്ഥ വെളിവാകാൻ പത്തുദിവസത്തെയെങ്കിലും നിരീക്ഷണം അനിവാര്യമെന്ന് മനോരോഗ വിദഗ്ധർ അഭിപ്രായപ്പെട്ടു. കാഡലിന്റെ ഇരട്ട വ്യക്തിത്വം ബന്ധുക്കൾ പോലും തിരിച്ചറിയാതെ പോയതാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് നയിച്ചത്. ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ അഥവാ ശരീരത്തിൽനിന്നു ആത്മാവിനെ മോചിപ്പിക്കുന്ന വിദ്യ പരീക്ഷിക്കാൻ കാഡലിനെ പ്രേരിപ്പിച്ചത് ഇരട്ട വ്യക്തിത്വത്തിനു തെളിവാണ്. യുക്തിരഹിത വിശ്വാസമാണ് കാഡൽ ജിൻസൺ എന്ന യുവാവിനെ കൊടും കുറ്റവാളിയാക്കി മാറ്റിയത്.

കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് പോയതും പിന്നീട് മടങ്ങിയെത്തിയതും കുറ്റബോധം തരിമ്പും പ്രകടിപ്പിക്കാത്തതും ഇരട്ട വ്യക്തിത്വത്തിന്റെ തെളിവാണ്. സമൂഹത്തിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന വ്യക്തികളാണ് ഇത്തരത്തിലുള്ള അപകടകരമായ മനോനിലയിലെത്തുന്നത്. കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അപൂർവത്തിൽ അപൂർവമായ അന്വേഷണത്തിലാണ് കേരള പൊലീസ്.

related stories
Your Rating: