മലപ്പുറം∙ ട്രെയിനുകളിലും റയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുടിവെള്ളമായ റെയിൽനീരിന്റെ പഴയ കുപ്പികളിൽ വീണ്ടും വെളളം നിറച്ച് വിൽപനക്കെത്തിക്കുന്നു. മലപ്പുറം വാഴക്കാട്ടെ രഹസ്യകേന്ദ്രത്തിൽനിന്നാണു നിലവാരമില്ലാത്ത വെള്ളം റെയിൽനീർ കുപ്പികളിലും മറ്റു കമ്പനികളുടെ കുപ്പികളിലും നിറയ്ക്കുന്നത്.
ട്രെയിനുകളിൽനിന്നും റെയിൽവേ സ്റ്റേഷനിലും നമ്മൾ വലിച്ചെറിയുന്ന ലോഡുകണക്കിനു കുപ്പികളാണു മലപ്പുറം വാഴക്കാട്ടെ കേന്ദ്രത്തിലുളളത്. വലിയ കേടില്ലാത്ത കുപ്പികളിൽ വെള്ളം വീണ്ടും നിറച്ചു സീൽ ചെയ്ത് ഇവിടെനിന്നു വീണ്ടും വിൽപനക്കെത്തിക്കും. മറ്റു കമ്പനികളുടെ കുപ്പികളില്‍ വെളളം നിറച്ചും വിൽപനയുണ്ട്. ചില കച്ചവടക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു പേരില്ലാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം. റെയിൽവേ സ്റ്റേഷനുകളിൽനിന്ന് റീസൈക്ലിങ് യൂണിറ്റുകളിലേക്കു ലോറികളിൽ കൊണ്ടുപോകുന്ന റെയിൽനീരിന്റെ കുപ്പികൾ കരാറുകാരെ സ്വാധീനിച്ചു കൈക്കലാക്കുകയാണന്നാണു സംശയം. സ്ഥാപനത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ് വ്യാജമാണോ എന്നും സംശയമുണ്ട്.
മിനറൽ വാട്ടറിനു പുറമെ നാരങ്ങ സർബത്തും അച്ചാറും സോഡയുമെല്ലാം ഇവിടെനിന്നു കുപ്പികളാക്കി വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്. അച്ചാറിനായി നിറച്ച മാങ്ങ, നാരങ്ങ, കാരക്ക ബാരലുകൾ നിറയെ പൂപ്പൽ വന്നു നിറഞ്ഞ നിലയിലാണ്. സ്ഥാപനം അടച്ചുപൂട്ടാൻ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പു നിർദേശം നൽകി.