കാർഡിഫ് ∙ ചരിത്രം വഴിമാറിയ മൽസരത്തിൽ ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസിനെ വീഴ്ത്തി റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ് കിരീടം. ഇരട്ടഗോളുകളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ (20, 64) മുന്നിൽനിന്നു നയിച്ച മൽസരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. കാസമിറോ (64), അസൻസിയോ (90) എന്നിവരുടെ വകയായിരുന്നു അവരുടെ മറ്റു ഗോളുകൾ. യുവന്റസിന്റെ ആശ്വാസഗോൾ മരിയോ മാൻസൂക്കിച്ച് (27) നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.
ചാംപ്യൻസ് ലീഗ് യുഗത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായാണ് റയൽ മഡ്രിഡിന്റെ കിരീട വിജയം. അവരുടെ 12–ാം യൂറോപ്യൻ കിരീടം കൂടിയാണിത്. കഴിഞ്ഞ നാലു സീസണിനിടെ മൂന്നാം ഫൈനലിനിറങ്ങിയ റയൽ പതിവു തെറ്റിക്കാതെ ഇത്തവണയും കിരീടം സ്വന്തം പേരിലെഴുതി. 2014ലും 2016ലും അയൽക്കാരായ അത്‌ലറ്റിക്കോയെ തോൽപിച്ചാണ് റയൽ ജേതാക്കളായത്. ക്രിസ്റ്റ്യാനോയിലൂടെ മൽസരത്തിലെ ആദ്യഗോൾ നേടിയ റയൽ, ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ അഞ്ഞൂറു ഗോൾ നേടുന്ന ആദ്യ ടീം എന്ന നേട്ടവും സ്വന്തമാക്കി.
സ്കോർ നില സൂചിപ്പിക്കുന്നതുപോലെ അത്ര ഏകപക്ഷീയമായിരുന്നില്ല റയൽ യുവന്റസ് പോരാട്ടം. യുവന്റസ് പ്രതിരോധവും റയല്‍ ആക്രമണ നിരയും തമ്മിലുള്ള മൽസരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോരാട്ടത്തിൽ, പൊരുതിത്തന്നെയാണ് യുവന്റസ് കീഴടങ്ങിയത്. നിലവിലെ ചാംപ്യൻമാരെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയതെന്ന് യുവന്റസിന് ആശ്വസിക്കാമെന്ന് ചുരുക്കം. അതേസമയം, റയൽ കിരീടം നേടിയതോടെ അവരുടെ സൂപ്പർതാരം റൊണാൾഡോയ്ക്ക് മറ്റൊരു വലിയ നേട്ടത്തിലേക്ക് ഇനി കണ്ണു വയ്ക്കാം– ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് പട്ടം. സ്പാനിഷ് ലീഗിന് പിന്നാലെ ചാംപ്യൻസ് ലീഗും ടീമിനു സമ്മാനിച്ച റയൽ പരിശീലകൻ സിനദീൻ സിദാനും സീസൺ സ്വപ്നസമാനമായി.
വിശദമായ വാർത്തയ്ക്കും കൂടുതൽ ചിത്രങ്ങൾ, വിഡിയോ എന്നിവയ്ക്കും