മഡ്രിഡ്∙ സ്പാനിഷ് ക്ലബ്ബായ റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം സമ്മാനിച്ചതിനു പിന്നാലെ സിനദീൻ സിദാൻ പരിശീലക സ്ഥാനമൊഴിഞ്ഞു. റയലിന്റെ ചാംപ്യൻസ് ലീഗ് കിരീടധാരണത്തിന് ഒരാഴ്ച തികയും മുൻപാണ് സിദാന്റെ രാജി. തിടുക്കത്തിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനാണ് പരിശീലക സ്ഥാനമൊഴിയുന്ന വിവരം സിദാൻ പ്രഖ്യാപിച്ചത്.
2016 ഇല്‍ റാഫ ബെനിറ്റസിന്റെ പിന്‍ഗാമിയായി റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാന്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങൾക്കു പുറമെ സൂപ്പര്‍ കപ്പ്, സ്പാനിഷ് ലാലിഗ, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും റയലിനു സമ്മാനിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയിൽ ആകെ ഒൻപതു കിരീടങ്ങളാണ് റയലിൽ സിദാൻ നേടിയത്. 149 മൽസരങ്ങളിൽ റയലിനെ പരിശീലിപ്പിച്ച സിദാൻ 104 മൽസരങ്ങളിൽ ടീമിനെ വിജയത്തിലേക്കു നയിച്ചു. 29 മൽസരങ്ങൾ സമനിലയിൽ അവസാനിച്ചു.
യുക്രെയിനിൽ കീവിൽ കഴിഞ്ഞ ദിവസം നടന്ന ചാംപ്യൻസ് ലീഗ് ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ചാണ് റയൽ കിരീടം ചൂടിയത്. സിദാൻ പരിശീലക സ്ഥാനമേറ്റശേഷം തുടർച്ചയായ മൂന്നാം വർഷമാണ് റയൽ ചാംപ്യൻസ് ലീഗ് കിരീടം ചൂടുന്നത്. ചാംപ്യൻസ് ലീഗ് ഇന്നത്തെ രൂപത്തിലായശേഷം ഹാട്രിക് കിരീടം ചൂടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടവും സിദാൻ റയലിനു സമ്മാനിച്ചിരുന്നു.
അടുത്ത സീസണിൽ റയലിന്റെ പരിശീലകനായി തുടരാനില്ലെന്നാണ് എന്റെ തീരുമാനം – വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽത്തന്നെ സിദാൻ പ്രഖ്യാപിച്ചു. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനൊപ്പമാണ് സിദാൻ മാധ്യമങ്ങളെ കാണാനെത്തിയത്.
ഫ്ലോറന്റീനോയുമായി ഞാൻ ഇന്നലെ സംസാരിച്ചു. ഇക്കാര്യത്തിൽ എന്റെ നിലപാടും അദ്ദേഹത്തെ അറിയിച്ചു. ഈ സമയത്ത് ടീം വിടുന്നത് അസാധാരണമാണെന്നു നിങ്ങൾക്കു തോന്നാം. എന്നാൽ ഇതാണ് ശരിയായ സമയം – സിദാൻ കൂട്ടിച്ചേർത്തു.
ടീമിന് ഇപ്പോഴത്തെ വിജയം തുടരേണ്ടതുണ്ടെന്ന് എനിക്കറിയാം. എങ്കിലും മൂന്നുവർഷം പൂർത്തിയായ സ്ഥിതിക്ക് ഒരു മാറ്റം നല്ലതാണ്. വ്യത്യസ്തമായ രീതികളിലൂടെ ക്ലബ് കടന്നുപോകേണ്ടിയിരിക്കുന്നു. അതിനാലാണ് ഞാൻ ഈ തീരുമാനം കൈക്കൊണ്ടത്. ഞാൻ ഏറ്റവും സ്നേഹിക്കുന്ന ക്ലബ്ബാണിത്. ക്ലബ് പ്രസിഡന്റും. ഇദ്ദേഹമാണ് എന്നെ ഈ വലിയ ക്ലബ്ബിന്റെ ഭാഗമാക്കിയത്. എങ്കിലും മാറ്റത്തിനുള്ള സമയമായി. എല്ലാവർക്കും നന്ദി – സിദാൻ പറഞ്ഞു.
ചാംപ്യൻസ് ലീഗിൽ കിരീടം ചൂടിയെങ്കിലും സ്പാനിഷ് ലാലിഗയിൽ അത്ര ഭേദപ്പെട്ട പ്രകടനമായിരുന്നില്ല റയലിന്റേത്. ബദ്ധവൈരികളായ ബാർസിലോന, അത്‍ലറ്റിക്കോ മഡ്രിഡ് എന്നിവർക്കു പിന്നിൽ മൂന്നാമതായിരുന്നു റയൽ. ബാർസയുമായി 17 പോയിന്റിന്റെ വ്യത്യാസവുമുണ്ടായിരുന്നു. അതേസമയം, ടീം വിടാൻ തനിക്കു ബാഹ്യ സമ്മർദ്ദങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സിദാൻ വ്യക്തമാക്കി.