ന്യൂഡൽഹി∙ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. സ്വകാര്യബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതും റിസര്‍വ് ബാങ്കിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചു വിദേശത്തുനിന്നു പണം സ്വീകരിച്ചതിനുമാണു കേസ്. രാവിലെ പ്രണോയ് റോയുടെ വസതികളില്‍ റെയ്ഡ് നടത്തിയതിനു ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പ്രണോയ് റോയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ ചട്ടം ലംഘിച്ചുവിദേശ നിക്ഷേപം സ്വീകരിച്ചതിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2015 ല്‍ പ്രണോയ് റോയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്നും ദേശീയ മാധ്യമം പ്രസ്താവനയില്‍ അറിയിച്ചു.