ബിർമിങ്ങാം ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ചാംപ്യൻസ് ട്രോഫി മൽസരത്തിൽ പാക്കിസ്ഥാന് വിജയം. മറുപടി ബാറ്റിങ്ങിനിടെ 27 ഓവറിൽ 123 എന്ന സ്കോറിൽ നിൽക്കെ മഴയെത്തിയതിനെതുടർന്നു ഡക്കവർത്ത് ലൂയീസ് നിയമപ്രകാരമാണ് പാക്കിസ്ഥാന്‍ 19 റൺസിനു വിജയിച്ചത്.
മധ്യനിരയിൽ ഉറച്ചു നിന്നു കളിച്ച ഡേവിഡ് മില്ലറാണ് (75) ദക്ഷിണാഫ്രിക്കയെ ഇരുനൂറു കടത്തിയത്. ഏഴാം വിക്കറ്റിൽ ക്രിസ് മോറിസുമൊത്ത് 47 റൺസും എട്ടാം വിക്കറ്റിൽ റബാദയുമൊത്ത് 48 റൺസും മില്ലർ കൂട്ടിച്ചേർത്തു. മോറിസ് 28ഉം റബാദ 26ഉം റൺസെടുത്തു. ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഡി കോക്കും (33) അംലയും (16) പിരിഞ്ഞത്. എന്നാൽ പിന്നീട് തുടരെ രണ്ടു വിക്കറ്റുകൾ നഷ്ടമായത് ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി. ടീം സ്കോർ 60ൽ നിൽക്കെ ഡികോക്ക് പുറത്തായി. പിന്നാലെ ഗോൾഡൻ ഡക്കായി ക്യാപ്റ്റൻ ഡിവില്ലിയേഴ്സും. ഡുപ്ലെസിയും (26) മില്ലറും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോയെങ്കിലും റൺനിരക്ക് വളരെ കുറവായിരുന്നു. 23–ാം ഓവറിൽ ഡുപ്ലെസി പുറത്താകുമ്പോൾ ടീം സ്കോർ 90 മാത്രം.
നേരത്തെ ഡികോക്കും ഡിവില്ലിയേഴ്സും പുറത്തായതിന്റെ ആവർത്തനമായിരുന്നു പിന്നെ. 29–ാം ഓവറിന്റെ അഞ്ചാം പന്തിൽ ഡുമിനിയെ ബാബർ അസമിന്റെ കയ്യിലെത്തിച്ച ഹസൻ അലി അടുത്ത പന്തിൽ വെയ്ൻ പാർണെലിനെ ബോൾഡാക്കി. പിന്നീടായിരുന്നു മോറിസിനെയും റബാദയെയും കൂട്ടു പിടിച്ച് മില്ലറുടെ രക്ഷാപ്രവർത്തനം.
∙ സ്കോർ ബോർഡ്
ദക്ഷിണാഫ്രിക്ക: ഡി കോക്ക് എൽബി മുഹമ്മദ് ഹഫീസ്–33, അംല എൽബി ഇമാദ് വാസിം–16, ഡുപ്ലെസി ബി ഹസൻ അലി–26, ഡിവില്ലിയേഴ്സ് സി ഹഫീസ് ബി ഇമാദ് വാസിം–പൂജ്യം, ഡേവിഡ് മില്ലർ നോട്ടൗട്ട്–75, ജെ.പി ഡുമിനി സി ബാബർ അസം ബി ഹസൻ അലി–എട്ട്, പാർണെൽ ബി ഹസൻ അലി–പൂജ്യം, ക്രിസ് മോറിസ് സി ഹസൻ അലി ബി ജുനൈദ് ഖാൻ–28, റബാദ സി ഹസൻ അലി ബി ജുനൈദ് ഖാൻ–26, മോർക്കൽ നോട്ടൗട്ട്–പൂജ്യം, എക്സ്ട്രാസ്–ഏഴ്. ആകെ 50 ഓവറിൽ എട്ടു വിക്കറ്റിന് 219.
വിക്കറ്റ് വീഴ്ച: 1–40, 2–60, 3–61, 4–90, 5–118, 6–118, 7–165, 8–213.
ബോളിങ്: മുഹമ്മദ് ആമിർ 10–0–5–0, ജുനൈദ് ഖാൻ 9–0–53–2, ഇമാദ് വാസിം 8–0–20–2, മുഹമ്മദ് ഹഫീസ് 10–0–51–1, ഹസൻ അലി 8–1–24–3, ഷദബ് ഖാൻ 5–0–20–0.