Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫിയിലെ പാക്ക് വിജയം ആഘോഷിച്ചവർക്കെതിരെ കേസ്, അറസ്റ്റ്

Champions Trophy Cricket ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-പാക്ക് മൽസരത്തിൽനിന്ന്.

കാസർകോട് ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ കാസർകോട് 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുടകിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബർഹാൻപുരിൽ പാക്ക് വിജയം ആഘോഷിച്ചതിനാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.

രാത്രിയിൽ പൊതുസ്ഥലത്തു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുംവിധം പടക്കം പൊട്ടിക്കുക (ഐപിസി 486), മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുക (ഐപിസി 153), വിശ്വാസത്തിനു വ്രണം ഏൽപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമം (ഐപിസി 295എ) വകുപ്പകൾ അനുസരിച്ചാണു കേസെടുത്തിരിക്കുന്നത്.

കുമ്പടാജെ ചക്കുടലിൽ സ്വദേശികളായ റസാഖ്, മസൂദ്, സിറാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേർക്കുമെതിരെയാണു ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കുമ്പടാജെ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ രാജേഷ് ഷെട്ടി നൽകിയ പരാതിയെത്തുടർന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

പാക്കിസ്ഥാൻ ജേതാക്കളായ 18ന് രാത്രി 11ന് കുമ്പടാജെ ചക്കുടലിൽ ഇവരുടെ നേതൃത്വത്തിൽ റോഡിൽ ആഹ്ലാദ പ്രകടനം നടത്തിയെന്നും പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നുമാണു പരാതി. ആഹ്ലാദപ്രകടനത്തിനുശേഷം പടക്കം പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന പരാതിയിലാണു കുടകിലും മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശിക ബിജെപി നേതാവ് ആണു പരാതി നൽകിയത്. പിടിയിലായവർ ഒരു പാർട്ടിയുടെയും അനുഭാവികളല്ലെന്നു പൊലീസ് പറഞ്ഞു. യുവാക്കളെ കൗൺസലിങ്ങിനു ശേഷം വിട്ടയയ്ക്കണമെന്ന് ആവശ്യം ഉയർ‌ന്നെങ്കിലും ഇതിനെതിരെ എതിർപ്പുയർന്നു.

related stories