അഞ്ചിലും എട്ടിലും ഐസിഎസ്ഇ ബോർഡ് എക്സാം നിർബന്ധമാക്കുന്നു

Representative Image

കൊൽക്കത്ത∙ ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (ഐസിഎസ്ഇ) അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാർഥികൾക്ക് അടുത്ത വർഷം മുതൽ ബോർഡ് എക്സാം കൊണ്ടുവരുന്നു. ഐസിഎസ്ഇ കൗൺസിൽ സിഇഒ ജെറി ആരത്തൂൺ കൊൽക്കത്തയിൽ പറഞ്ഞതാണിക്കാര്യം. കുട്ടികളുടെ പഠന നിലവാരം മനസ്സിലാക്കുന്നതിനായുള്ള വിലയിരുത്തലാണു പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്. സംസ്കൃതം, യോഗ, പെർഫോമിങ് ആർട്സ് എന്നിവ സ്കൂളുകളിൽ നിർബന്ധമാക്കും. യോഗയും പെർഫോമിങ് ആർട്സും ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയും സംസ്കൃതം അഞ്ചിലും എട്ടിലും ആണു നിർബന്ധമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സ്കൂളിലെ അഞ്ചിലെയും എട്ടിലെയും കുട്ടികളുടെ പരീക്ഷാ പേപ്പറുകൾ മറ്റൊരു സ്കൂളിലെ അധ്യാപകരാകും പരിശോധിക്കുക. നിലവിൽ പത്തിലാണ് ഇത്തരത്തിൽ ബോർഡ് എക്സാമുകൾ നടത്തുന്നത്. ഐസിഎസ്ഇ ബോർഡായിരിക്കും ചോദ്യപേപ്പറുകൾ തയാറാക്കുന്നത്. നഴ്സറി ക്ലാസുമുതൽ 10 വരെ എല്ലാ ഐസിഎസ്ഇ സ്കൂളുകളിലെയും സിലബസ് ഒന്നാക്കണമെന്നും കൗൺസിൽ നിർദേശിച്ചു.