ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി സെമിയിൽ

ലണ്ടൻ ∙ ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. താരതമ്യേന റണ്ണൊഴുക്കു കുറഞ്ഞ മൽസരത്തിൽ 237 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാൻ, 44.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തിൽ ഏഴിന് 162 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ, പിരിയാത്ത എട്ടാം വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത സർഫ്രാസ് അഹമ്മദ്–മുഹമ്മദ് ആമിർ സഖ്യമാണു രക്ഷിച്ചത്. സർഫ്രാസിനെ രണ്ടു തവണ കൈവിട്ട ലങ്കൻ ഫീൽഡർമാരും പാക്കിസ്ഥാന്റെ വിജയത്തിൽ ‘കൈയ്യയച്ച്’ സഹായിച്ചു.

സർഫ്രാസ് 79 പന്തിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെ 61 റൺസെടുത്തു പുറത്താകാതെ നിന്നു. 43 പന്തിൽ 28 റൺസെടുത്ത മുഹമ്മദ് ആമിർ സർഫ്രാസിന് മികച്ച പിന്തുണ നൽകി. 14നു നടക്കുന്ന സെമിപോരാട്ടത്തിൽ പാക്കിസ്ഥാൻ, ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. 15ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ബംഗ്ലദേശും ഏറ്റുമുട്ടും.

ശ്രീലങ്ക ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത പാക്കിസ്ഥാന്റെ തുടക്കം മികച്ചതായിരുന്നു. ഒന്നാം വിക്കറ്റിൽ 74 റൺസ് കൂട്ടിച്ചേർത്ത ഫഖർ സമൻ–അസ്ഹർ അലി സഖ്യം പാക്ക് ഇന്നിങ്സിന് അടിത്തറയിട്ടു. അനായാസം റൺസ് കണ്ടെത്തിയ ഫഖർ സമൻ അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ പുറത്തായതോടെ, പാക്കിസ്ഥാൻ തകർന്ന നിലയിലായി. 36 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സമന്റെ ഇന്നിങ്സ്. അസ്ഹർ അലി 50 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 34 റൺസെടുത്തു പുറത്തായി.

ബാബർ അസം (18 പന്തിൽ 10), മുഹമ്മദ് ഹഫീസ് (1), ശുഐബ് മാലിക്ക് (20 പന്തിൽ 11), ഇമാദ് വാസിം (4), ഫഹീം അഷ്റഫ് (15 പന്തിൽ 15) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങി. എന്നാൽ, പിരിയാത്ത എട്ടാം വിക്കറ്റിൽ 75 റണ്‍സ് കൂട്ടിച്ചേർത്ത സർഫ്രാസ് അഹമ്മദ്–മുഹമ്മദ് ആമിർ സഖ്യം പാക്കിസ്ഥാനു വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. ശ്രീലങ്കയ്ക്കായി നുവാൻ പ്രദീപ് മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാലുപന്ത് ബാക്കിനിൽക്കെ 236 റൺസിന് എല്ലാവരും പുറത്തായി. 73 റൺസ് നേടിയ ഓപ്പണർ നിരോഷൻ ഡിക്ക്‌വല്ലയാണ് അവരുടെ ടോപ്സ്കോറർ. പാക്കിസ്ഥാനുവേണ്ടി ജുനൈദ് ഖാൻ, ഹസ്സൻ അലി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മൽസരം കളിച്ച ഫഹീം അഷ്റഫ്, മുഹമ്മദ് ആമിർ എന്നിവർ രണ്ടു വിക്കറ്റുവീതം വീഴ്ത്തി. ജുനൈദ് ഖാൻ എറിഞ്ഞ മൂന്ന് ഓവറിൽ ലങ്കൻ ബാറ്റ്സ്മാൻമാർക്കു സ്കോർ ചെയ്യാനായില്ല.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കം കരുതലോടെയായിരുന്നു. സ്കോർ 26ൽ നിൽക്കെ ഓപ്പണർ ഗുണതിലക പുറത്തായി. 20 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 13 റൺസെടുത്ത ഗുണതിലകയെ ജുനൈദ് ഖാൻ മടക്കി. രണ്ടാം വിക്കറ്റിൽ ഡിക്ക്‌വല്ല–കുശാൽ മെൻഡിസ് സഖ്യം 56 റൺസ് കൂട്ടിച്ചേർത്ത് ലങ്കൻ ഇന്നിങ്സിന് അടിത്തറയിട്ടു. 29 പന്തിൽ നാലു ബൗണ്ടറി ഉൾപ്പെടെ 27 റൺസെടുത്ത മെൻഡിസും റണ്ണൊന്നുമെടുക്കാതെ ദിനേഷ് ചണ്ഡിമലും തുടർച്ചയായി പുറത്തായതോടെ ലങ്ക പതറി. നാലാം വിക്കറ്റിൽ ഒരുമിച്ച ഡിക്ക്‌വല്ല–മാത്യൂസ് സഖ്യം 78 റൺസ് കൂട്ടിച്ചേർത്തു കൂട്ടത്തകർച്ച ഒഴിവാക്കി.

31 ഓവറിൽ മൂന്നു വിക്കറ്റു നഷ്ടത്തിൽ 161 റൺസെന്ന നിലയിലായിരുന്ന ലങ്ക, ആറു റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെടുത്തി പിന്നീട് തകർച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഏഞ്ചലോ മാത്യൂസ് (54 പന്തിൽ 39), ധനഞ്ജയ ഡിസിൽവ (1), തിസാര പെരേര (1), നിരോഷൻ ഡിക്‌വല്ല (86 പന്തിൽ 73) എന്നിവരാണു പുറത്തായത്. എട്ടാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ഗുണരത്‌നെ–ലക്മൽ സഖ്യവും ഒൻപതാം വിക്കറ്റിൽ 19 റൺസ് കൂട്ടിച്ചേർത്ത ഗുണരത്‌നെ–മലിംഗ സഖ്യവും ലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു.

ഗുണരത്‌നെ 44 പന്തിൽ നിന്നും 27 റൺസെടുത്ത് പുറത്തായി. സുരംഗ ലക്മൽ 34 പന്തിൽനിന്നും മൂന്നു ബൗണ്ടറികളോടെ 26 റൺസെടുത്തു. നുവാൻ പ്രദീപ് ഒരു റണ്ണെടുത്ത് അരങ്ങേറ്റക്കാരൻ ഫഹീം അഷ്റഫിന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 14 പന്തിൽ ഒൻപത് റൺസെടുത്ത ലസിത് മലിംഗ പുറത്താകാതെ നിന്നു.