ദുബായ്∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഐസിസി റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻ. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെ 22 പോയിന്റിനു മറികടന്നാണു കോഹ്‍ലിയുടെ തിരിച്ചുവരവ്. ടീമുകളിൽ ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തു തുടരുന്നു. ഓസ്ട്രേലിയക്കുപിന്നിൽ മൂന്നാമതാണ് ഇന്ത്യയുടെ റാങ്കിങ്.
ചാമ്പ്യൻസ് ട്രോഫി മൽസരത്തിൽ പുറത്താകാതെ പാക്കിസ്ഥാനെതിരെ നേടിയ 81 റൺസും ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടിച്ചെടുത്ത 76 റൺസുമാണു കോഹ്‍ലിയെ ഐസിസി റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്. ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാൻ 10 പേരുടെ പട്ടികയിൽ തിരിച്ചെത്തി. ധവാന്റെ ഓപ്പണിങ് കൂട്ടായ രോഹിത് ശർമ 13, മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി 14, യുവരാജ് സിങ് 88 എന്നിങ്ങനെ സ്ഥാനങ്ങളിലാണ്.
ബൗളിങ്ങിൽ ഓസ്ട്രേലിയൻ താരം ജോഷ് ഹാസൽവുഡ് കരിയറിൽ ആദ്യമായി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ 23–ാം സ്ഥാനത്താണ്. ഉമേഷ് യാദവ് 41, ജസ്പ്രീത് ബുമ്ര 43–ാം റാങ്കും നേടി. സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ രണ്ടുസ്ഥാനം നഷ്ടപ്പെട്ട് 20–ാമതും രവീന്ദ്ര ജഡേജ മൂന്നുസ്ഥാനം നഷ്ടപ്പെട്ട് 29–ാം റാങ്കിലുമെത്തി.
ടീമുകളുടെ റാങ്കിങ്ങിൽ 119 പോയിന്റോടെയാണു ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനത്തു തുടരുന്നത്. ഓസ്ട്രേലിയ (117), ഇന്ത്യ (117), ഇംഗ്ലണ്ട് (114), ന്യൂസീലാൻഡ് (111), ബംഗ്ലാദേശ് (95), ശ്രീലങ്ക (93), പാക്കിസ്ഥാൻ (91), വെസ്റ്റ് ഇൻഡീസ് (77), അഫ്ഗാനിസ്ഥാൻ (54) എന്നിങ്ങനെയാണു പത്തു ടീമുകളുടെ റാങ്കിങ്.