‘ഈ വിജയം കേരളത്തിലെ പ്രളയബാധിതർക്ക്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കു വേണ്ടി ഞങ്ങൾക്കു ചെയ്യാൻ കഴിയുന്നത് ഇതാണ്.’ മഴയേൽപിച്ച മുറിവുകളിൽ ഇളംവെയിലിന്റെ സാന്ത്വനം പോലെ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. ഇംഗ്ലണ്ടിനെ ഇന്ത്യ 203 റൺസിനു തോൽപിച്ച നോട്ടിങ്ങം ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു കോഹ്‌ലിയുടെ വാക്കുകൾ.
രണ്ടിന്നിങ്സുകളിലായി 97, 103 റൺസ് വീതമാണ് ഇന്ത്യൻ നായകൻ നേടിയത്. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ ടീമിനെ മൽസരത്തിലേക്കു തിരിച്ചെത്തിക്കാനും കഴിഞ്ഞു. വിജയം കേരളത്തിനു സമർപ്പിച്ചുകൊണ്ടുള്ള വാക്കുകളിലൂടെ എത്രയോ പേരുടെ ഹൃദയങ്ങൾ കൂടി കോഹ്‌ലി കീഴടക്കിയിരിക്കുന്നുവെന്നു സമൂഹമാധ്യമങ്ങൾ പ്രതികരിച്ചു.
കേരളത്തിൽ എല്ലാവർക്കും സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും കഴിഞ്ഞയാഴ്ച പ്രളയദിനങ്ങളിൽ തന്നെ കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നു. കേരളത്തെ എല്ലാവരും കഴിയുംവിധം സഹായിക്കണമെന്ന അഭ്യർഥനയുമായി മറ്റൊരു താരം ഹാർദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയും ശ്രദ്ധേയമായിരുന്നു.