Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിയന്തര പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി; മോദിയെ കുറ്റപ്പെടുത്തി പിണറായിയും ചെന്നിത്തലയും

Kerala Assembly

തിരുവനന്തപുരം∙ പ്രളയാനന്തര അതിജീവനത്തിൽ പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം സർക്കാർ തള്ളി. മൂന്നു മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കുശേഷമാണു പ്രമേയം തള്ളിയത്. ഇതേത്തുടർന്ന് സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹായം ലഭിക്കേണ്ടവർക്ക് എപ്പോൾ നൽകുമെന്നു മുഖ്യമന്ത്രി പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാൽ പ്രളയം മൂലം നഷ്ടമുണ്ടായ എല്ലാവർക്കും സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 48 മണിക്കൂർ വെള്ളം കെട്ടിനിന്ന എല്ലാ വീടുകൾക്കും 10,000 രൂപ വീതം നൽകി. കൃഷിനാശമുണ്ടായ രണ്ടുലക്ഷം കർഷകർക്കായി 60 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയത്തിനു 100 ദിവസം കഴിഞ്ഞിട്ടും വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണെന്നും കാട്ടി വി.ഡി.സതീശന്‍ നല്‍കിയ അടിയന്തര പ്രമേയമാണു ചര്‍ച്ച ചെയ്തത്.

അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നേതാക്കൾ സഭയിലെടുത്ത നിലപാട് ചുവടെ:

മുഖ്യമന്ത്രി പിണറായി വിജയൻ

അതിജീവനത്തിനു കേരളം കാണിച്ച ഐക്യം ലോകം മുഴുവനും ശ്രദ്ധിച്ച കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ആരാധനാലയങ്ങള്‍പോലും ആളുകളെ താമസിപ്പിക്കുന്ന കേന്ദ്രമായി. ഇതു കേരളത്തിനു മാത്രം കഴിയുന്ന കാര്യമാണ്. പ്രളയത്തിൽ 435 സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. 2733.70 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചു. 488 കോടി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഇതുവരെ ലഭിച്ചു. 1400 കോടി രൂപ ഇത്തരത്തില്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. 2,500 കോടി രൂപ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തിന് കത്തയച്ചു.

കേരളത്തിനു സഹായം നല്‍കുന്നതിനെപ്പറ്റി യുഎഇ ഭരണാധികാരി യൂസഫിലിയോടു സംസാരിച്ചിരുന്നു. അദ്ദേഹമാണ് ഈ വിഷയം സര്‍ക്കാരിനെ അറിയിച്ചത്. പ്രധാനമന്ത്രി തന്നെ യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ നിലപാടിലൂടെ യുഎഇ നല്‍കാനിരുന്ന 700 കോടി മാത്രമല്ല സംസ്ഥാനത്തിനു നഷ്ടമായത്. നമ്മളുമായി ബന്ധമുള്ള രാജ്യങ്ങള്‍ നല്‍കാനിരുന്ന തുകയും നഷ്ടമായി. ആയിരക്കണക്കിനു കോടി ഇങ്ങനെ നഷ്ടമായി. ദുരന്തമുണ്ടായപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊക്കെ വിദേശസഹായം ലഭിച്ചിട്ടുണ്ട്. കേരളത്തിനുമാത്രം കേന്ദ്രം സഹായം നിഷേധിച്ചു. എന്നിരുന്നാലും ജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രളയദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദരന്റെ ഭാര്യയ്ക്കു പോലും പലതവണ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടാണു പണം ലഭിച്ചത്. കാര്യശേഷിയില്ലാത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇങ്ങനെ സംഭവിക്കും. വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി കേരളത്തെ തിരിഞ്ഞുനോക്കിയില്ല. നരേന്ദ്ര മോദിയെ മുഖ്യമന്ത്രി വിശ്വസിച്ചതില്‍നിന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. കേരളത്തെ അവഗണിക്കുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ ആറന്‍മുള കണ്ണാടിയുമായല്ല പോകേണ്ടത്. സാലറി ചാലഞ്ച് സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുപറിയാക്കി മാറ്റി. പ്രളയാനന്തര കേരളത്തെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ സുപ്രധാന നിര്‍ദേശങ്ങള്‍ അവഗണിച്ചതായും ചെന്നിത്തല പറഞ്ഞു.

അടിയന്തര പ്രമേയം അവതരിപ്പിച്ച് വി.ഡി. സതീശന്‍ പറഞ്ഞത്

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലൂടെ എത്ര തുക ലഭിച്ചെന്നു വെളിപ്പെടുത്തണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. താലൂക്ക് ജില്ലാ അടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചില്ല. തകര്‍ന്ന വീടുകളുടെ കണക്ക് സര്‍ക്കാരിന്റെ കയ്യിലില്ല. മത്സ്യബന്ധനത്തൊഴിലാളികളില്‍ തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല. നവകേരള നിര്‍മാണത്തിനു സര്‍ക്കാരിന്റെ കയ്യില്‍ മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനും ഇല്ല. മുഖ്യമന്ത്രിയുടെ നവകേരളം കാപട്യമാണ്. ദുരിതാശ്വാസനിധിയിലേക്കു വന്ന പണത്തിന്റെ എട്ടിലൊന്നുപോലും ചെലവാക്കിയില്ല. ദുരന്തം മനുഷ്യനിര്‍മിതമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ബിജെപി എംഎൽഎ ഒ.രാജഗോപാൽ

കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സഹായം കൊടുത്തുവെന്ന് ഒ.രാജഗോപാൽ. ഇതിന്റെയെല്ലാം കണക്കു കാണിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

കേരള ജനപക്ഷം എംഎൽഎ പി.സി.ജോർജ്

പ്രളയം േനരിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിച്ച നേതൃപരമായ പങ്ക് കേരളത്തിനു വിസ്മരിക്കാനാകില്ലെന്നു പി.സി.ജോർജ് പറഞ്ഞു. അതു മറച്ചു വയ്ക്കാനുള്ള ശ്രമം ശരിയല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

സ്പീക്കര്‍ ഇടപെടണമെന്നു പ്രതിപക്ഷം 

നിയമസഭയ്ക്കു മുന്നില്‍ എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെതന്നെ ചര്‍ച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തര പ്രമേയമാണ് അവതരിപ്പിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുന്‍പ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

അതേസമയം, ശബരിമല പ്രശ്‌നത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു.

പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കുന്നു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നിരവധി തവണ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം. സര്‍ക്കാര്‍ ഇതുവരെ ചെയ്തകാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories