ലണ്ടൻ ∙ കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുക്കാനാകാതെ ഉഴറിയ ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി. ക്രിക്കറ്റ് ആരാധകർ ആവേശപൂർവം കാത്തിരുന്ന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും ബഹുദൂരം പിന്നിലാക്കിയാണ് പാക്കിസ്ഥാന്റെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി. ഇതോടെ, ടൂർണമെന്റിൽ മുഖാമുഖമെത്തിയ ആദ്യ മൽസരത്തിൽ ഇന്ത്യയോടേറ്റ 124 റൺസ് തോൽവിക്കും പാക്കിസ്ഥാൻ പകരംവീട്ടി.
ഒരു ഘട്ടത്തിൽ 100 റൺസ് പോലും തികയ്ക്കില്ലന്ന് കരുതിയ ഇന്ത്യയെ, തകർപ്പൻ അർധസെഞ്ചുറിയുമായി കളം നിറഞ്ഞ ഹാർദ്ദിക് പാണ്ഡ്യയാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാന്റെ വിജയശിൽപികളായി. ഫൈനലിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹസൻ അലി, 13 വിക്കറ്റുകളോടെ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും, ഇന്ത്യൻ താരം ശിഖർ ധവാൻ 338 റൺസോടെ ബാറ്റ്സ്മാൻമാരുടെ പട്ടികയിലും ഒന്നാമതെത്തി.
ഇന്ത്യയെ വരിഞ്ഞുമുറുക്കി പാക്ക് ബോളർമാർ
339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ മുഹമ്മദ് ആമിറിന്റെ നേതൃത്വത്തിലുള്ള പാക്ക് ബോളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ രോഹിത് ശർമയെ മടക്കിയ മുഹമ്മദ് ആമിർ, വരാൻ പോകുന്ന വൻവിപത്തിന്റെ സൂചന നൽകി. മൂന്നു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ മുഹമ്മദ് ആമിർ രോഹിതിനെ എൽബിയിൽ കുരുക്കുകയായിരുന്നു. സ്കോർ ബോർഡിൽ ആറു റൺസെത്തുമ്പോഴേക്കും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയും ആമിർ മടക്കി. മൂന്നാം ഓവറിന്റെ മൂന്നാം പന്തിൽ കോഹ്‍ലി നൽകിയ ക്യാച്ച് അവസരം ഒന്നാം സ്ലിപ്പിൽ അസ്ഹർ അലി നിലത്തിട്ടതിനു പിന്നാലെ, തൊട്ടടുത്ത പന്തിൽ കോഹ്‍ലിയെ ഷതാബ് ഖാന്റെ കൈകളിലെത്തിച്ച് ആമിർ തിരിച്ചടിച്ചു.
രോഹിതും കോഹ്‍ലിയും മടങ്ങിയതിനു പിന്നാലെ, യുവരാജിനെ കൂട്ടുപിടിച്ച് മികച്ച പ്രകടനവുമായി കളം നിറഞ്ഞുവന്ന ധവാനെയും മുഹമ്മദ് ആമിർ തന്നെ പുറത്താക്കി. 22 പന്തിൽ നിന്നും നാലു ബൗണ്ടറികളോടെ 21 റൺസെടുത്താണ് ധവാൻ മടങ്ങിയത്. അപ്പോള്‍ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 33 റൺസ് മാത്രം. പിന്നാലെ, യുവരാജിന് കൂട്ടായി ധോണിയെത്തിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവരുടെ ചുമലിലായി. സ്കോർ 54ൽ നിൽക്കെ ഇരുവരും അടുപ്പിച്ച് പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. നിലയുറപ്പിച്ചു വന്ന യുവരാജിനെ ഷതാബ് ഖാൻ എൽബിയിൽ കുരുക്കിയപ്പോൾ, ധോണിയെ ഹസൻ അലി ഇമാദ് വാസിമിന്റെ കൈകളിലെത്തിച്ചു. 31 പന്തുകൾ നേരിട്ട യുവരാജ് നാലു ബൗണ്ടറികളോടെ 22 റൺസെടുത്തു. 16 പന്തിൽ നാലു റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. 13 പന്തിൽ രണ്ടു ബൗണ്ടറികളോടെ ഒൻപത് റൺസെടുത്ത കേദാർ ജാദവിനെയും ഷതാബ് ഖാന്‍ മടക്കിയതോടെ, 17 ഓവറിൽ ആറിന് 72 റൺസ് എന്ന നിലയിലായി ഇന്ത്യ.
43 പന്തിൽ നാലു ബൗണ്ടറിയും ആറു സിക്സും സഹിതം 76 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും, ജഡേജയുടെ അശ്രദ്ധ മൂലം പാണ്ഡ്യയും പുറത്തായതോടെ ഇത് ഇന്ത്യയുടെ ദിവസമല്ലെന്ന് ഉറപ്പായി. പിന്നെയെല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. ജഡേജ (26 പന്തിൽ 15), അശ്വിൻ (1), ബുംറ (1) എന്നിവരെല്ലാം കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങിയതോടെ ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഒരു ടീം ഫൈനലിൽ നേടുന്ന ഏറ്റവും വലിയ വിജയമെന്ന നേട്ടം പാക്കിസ്ഥാന് സ്വന്തം.
തകർത്തടിച്ച് പാക്കിസ്ഥാൻ, ഫഖർസമാന് കന്നി സെഞ്ചുറി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ സമാൻ പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്ഥാനും ഭാഗ്യമായി. അസ്ഹർ അലി, മുഹമ്മദ് ഹഫീസ് എന്നിവർ പാക്കിസ്ഥാനായി അർധസെഞ്ചുറി നേടി. ഇന്ത്യൻ ബോളർമാർ ചേർന്ന് 25 റൺസാണ് എക്സ്ട്രായിനത്തിൽ പാക്കിസ്ഥാന് സംഭാവന ചെയ്തത്.
ഓപ്പണിങ് വിക്കറ്റിൽ അസ്ഹർ അലിയുമൊത്ത് സമാൻ കൂട്ടിച്ചേർത്ത 128 റൺസാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. 23 ഓവർ ക്രീസിൽ നിന്ന ഇരുവരും 5.56 റൺസ് ശരാശരിയിൽ 128 റൺസ് കൂട്ടിച്ചേർത്തു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യമാണ്. 2003നു ശേഷം തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതും ഇതാദ്യം. ഏഷ്യയ്ക്കു പുറത്ത് ഇതു സംഭവിക്കുന്നതാകട്ടെ രണ്ടാം തവണ മാത്രം.
92 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെയാണ് ഫഖർ സമാൻ കന്നി സെഞ്ചുറിയിലേക്കെത്തിയത്. നാലാമത്തെ മാത്രം രാജ്യാന്തര ഏകദിനം കളിക്കുന്ന സമാൻ, രണ്ട് അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. കന്നി ഏകദിന സെഞ്ചുറിക്കു പിന്നാലെ സമാൻ പുറത്തായി. 106 പന്തിൽ 12 ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 114 റൺസെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. 71 പന്ത് നേരിട്ട അസ്ഹർ അലി, ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 59 റൺസെടുത്തു. മാലിക്ക് (12), ബാബർ അസം (46) എന്നിവരും പാക്ക് ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 7.3 ഓവർ ക്രീസിൽ നിന്ന് 9.46 ശരാശരിയിൽ 71 റൺസ് കൂട്ടിച്ചേർത്ത ഹഫീസ്–വാസിം സഖ്യമാണ് പാക്ക് സ്കോർ 300 കടത്തിയത്. ഹഫീസ് 37 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 57 റൺസെടുത്തു. 21 പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 25 റൺസാണ് വാസിമിന്റെ സമ്പാദ്യം.