Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ എഴുതിത്തള്ളുന്നത് ‘ഫാഷനാ’യി മാറി; ഇത് ശാശ്വതപരിഹാരമല്ല: വെ‌ങ്കയ്യ നായിഡു

മുംബൈ∙ കടം എഴുതിത്തള്ളുന്നത് ഇപ്പോൾ ഒരു ‘ഫാഷനാ’യി മാറിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമാണ് കടം എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടത്. കർഷകർക്കൊപ്പം സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചും കരുതല്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കടം എഴുതിത്തള്ളൽ ഇപ്പോൾ ഒരു ‘ഫാഷനാ’യി മാറിയിട്ടുണ്ട്. എന്നാൽ, ഇതൊരു ശാശ്വത പരിഹാരമല്ല. കർഷരെക്കുറിച്ചു കരുതലുള്ളതുപോലെ, സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചും കരുതൽ ആവശ്യമാണ് – നായിഡു മുംബൈയിൽ പറഞ്ഞു. അതേസമയം, നായിഡുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

ജൂണ്‍ 20 വരെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കർണാടക സർക്കാരിന് ഏകദേശം 8,165 കോടി രൂപയാണ് ഇതുമൂലം അധിക ബാധ്യതയുണ്ടാകുക. കാർഷിക വായ്പ എഴുതിത്തള്ളാൻ തീരുമാനിക്കുന്ന സംസ്ഥാനങ്ങൾ അതിനുള്ള ഫണ്ട് സ്വയം കണ്ടെത്തണമെന്നും ഇതിനായി കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി നേരത്തെ വ്യക്തമാക്കിയിരുന്നു.

കർഷക സമരങ്ങളെത്തുടർന്ന് ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾ ഭാഗികമായി കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയും സമാനമായ പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശ്, തമിഴ്നാട് സർക്കാരുകളും ഇക്കാര്യം ഗൗരവമായി പരിഗണിച്ചു വരികയാണ്. 3.1 ലക്ഷം കോടി രൂപയാണു രാജ്യത്തെ കാർഷിക വായ്പയെന്നാണു കണക്ക്.