സ്കോട്‍ലൻഡിൽ കാണാതായ മലയാളി വൈദികന്റെ മൃതദേഹം കണ്ടെത്തിയത് ഡൺബാർ ബീച്ചിൽനിന്ന്

ഫാ. മാർട്ടിൻ വാഴച്ചിറ

ലണ്ടൻ ∙ ദൂരൂഹസാഹചര്യത്തിൽ കാണാതായ യുവ മലയാളി വൈദികൻ മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ (33) മൃതദേഹം കണ്ടെത്തിയത് എഡിൻബറോയിലെ ഡൺബാർ ബീച്ചിൽനിന്ന്. പൊലീസ് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. ചൊവ്വാഴ്ച സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തിയാൽ മൃതദേഹം രൂപതാ അധികൃതർക്ക് വിട്ടുനൽകും. തുടർന്നാകും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുക. അടുത്തയാഴ്ച അവസാനത്തോടെയേ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകൂ. മരണകാരണം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യാസാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്ന് എഡിൻബറോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അഞ്ജു രഞ്ജൻ അറിയിച്ചു.

മാർട്ടിൻ പിഎച്ച്ഡി പഠനം നടത്തിയിരുന്ന എഡിൻബറോ സർവകലാശാലയിൽനിന്നും അധികം ദൂരെയല്ലാത്ത ബീച്ചാണിത്. പള്ളിയിൽനിന്നും ഇവിടേക്ക് നിരവധി മൈൽ ദൂരമുണ്ട്. മലയാളിയായ യുവ വൈദികനെ സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും ചൊവ്വാഴ്ച മുതലാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. സിഎംഐ സഭയിലെ തിരുവനന്തപുരം പ്രോവിൻസ് അംഗമായ ഫാ. മാർട്ടിൻ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും (മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയമകനാണ്. ചങ്ങനാശേരി എസ്ബി കോളജിലെ വിദ്യാർഥിയായിരുന്നു.

ഞായറാഴ്ച തിരുക്കർമ്മങ്ങൾക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാൽ അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാ അധികൃതർതന്നെ വിവരം പൊലീസിൽ അറിയിച്ചത്. പഴ്സും പാസ്പോർട്ടും ലാപ്ടോപ്പും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം തുറന്നിട്ടിരുന്ന റൂമിൽതന്നെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രുപതാധികൃതരെ അറിയിച്ചത്.

ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ തിരുഹൃദയപള്ളിയിൽ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാർട്ടിൻ മാസങ്ങൾക്കുമുമ്പാണ് ഉപരിപഠനാർഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ എത്തിയത്. വൈദികരുടെ ദൗർലഭ്യം അനുഭവപ്പെടുന്ന എഡിൻബറോ രൂപത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം ദേവാലയശുശ്രൂഷകൾക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. എഡിൻബറോ രൂപതയിലെ ഫാൽകിർക്കിനു സമീപമുള്ള കോർസ്ട്രോഫിൻ ‘സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാർട്ടിന്റെ സേവനം.

ഫാ. മാർട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ ആണ് വൈദികന്റെ മൃതദേഹം പൊലീസ് സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹം എഡിൻബറോയിലെത്തി ഫാ. മാർട്ടിൻ താമസിച്ചിരുന്ന സ്ഥലം സന്ദർശിച്ചിരുന്നു.

ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം ഞെട്ടലടെയാണ് ഫാ. മാർട്ടിനെ കാണാതായ വിവരവും പിന്നീട് മരണവാർത്തയും ശ്രവിച്ചത്. വിവിധ പള്ളികളിലും പ്രാർഥന കൂട്ടായ്മകളിലും ഫാ. മാർട്ടിനുവേണ്ടി പ്രത്യേകം പ്രാർഥനകൾ സംഘടിപ്പിച്ചു.