Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിന്ദു പത്മനാഭൻ എവിടെ?; അഞ്ചു വർഷമായുള്ള തിരോധാനത്തിന് പിന്നിലാര്?

bindu-padmanabhan ബിന്ദു പത്മനാഭൻ.

ആലപ്പുഴ∙ കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനു (44) വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെ, ആദ്യ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നു സൂചന. ബിന്ദുവിന്റെ സ്വത്തു കൈകാര്യം ചെയ്യാനുള്ള മുക്ത്യാർ റജിസ്റ്റർ ചെയ്യുമ്പോള്‍ പട്ടണക്കാട് റജിസ്ട്രാർ ഓഫിസിലുണ്ടായിരുന്ന വനിതാ സബ്‌ റജിസ്ട്രാർ ഉൾപ്പടെയുള്ള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വ്യാജ മുക്ത്യാർ റജിസ്റ്റർ ചെയ്ത് ഇവരുടെ സ്വത്ത് ആധാരം ചെയ്യിക്കുന്നതിനു ചുക്കാൻ പിടിച്ച ഇടനിലക്കാരനും മുൻ ടാക്സി ഡ്രൈവറുമായ പള്ളിപ്പുറം സ്വദേശിയാണു പൊലീസിന്റെ സംശയപ്പട്ടികയിൽ ആദ്യമുള്ളത്. മാപ്പുസാക്ഷിയാകാമെന്ന വാഗ്ദാനം പൊലീസ് നിരസിച്ചതോടെ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാൾ.

ബിന്ദു പത്മനാഭൻ എവിടെ?

പഠിക്കാനെന്ന പേരിൽ ബെംഗളൂരുവിലേക്കുപോയ ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ബന്ധുക്കൾക്കു പോലുമില്ല. ഇവരെ എന്നുമുതൽ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണത്തിന് ഇറങ്ങിയിരിക്കുന്നത്. ആലുങ്കൽ ജംക്‌ഷനു സമീപം പത്മനിവാസിൽ പി. പ്രവീൺകുമാറാണു സഹോദരി ബിന്ദുവിനെ കാണാതായതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു പരാതി നൽകിയത്.

വ്യാജ വിൽപത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതിയിലുള്ളത്. എന്നാൽ പരാതി നൽകിയ ഇദ്ദേഹം വിദേശത്താണെന്നതിനാൽ ആദ്യം അന്വേഷണത്തിനു വേണ്ടത്ര മുന്നേറ്റമുണ്ടായില്ല. പരാതി ലഭിച്ചിട്ടും പതിവു കാണാതാകൽ കേസുകളിലൊന്നായി മാറ്റിവച്ചിരുന്ന കേസ് മാധ്യമങ്ങളും മറ്റും ഏറ്റു പിടിച്ചതോടെയാണ് പൊലീസ് അന്വേഷിക്കാനിറങ്ങിയത്.

അതേസമയം, കോടികളുടെ ഇടപാടു നടന്ന ഭൂമി ഇടപാടു കേസ് കൂടി ചിത്രത്തിലേക്കെത്തിയതോടെ പൊലീസ് പണം വാങ്ങി പ്രതികൾക്കു വേണ്ടി അന്വേഷണം മരവിപ്പിച്ചെന്ന് ആരോപണമുയർന്നു. ഇതോടെ വെട്ടിലായ പൊലീസ് അന്വേഷണം സജീവമാക്കി.

കുടുംബപെൻഷൻ കൈപ്പറ്റാതെ അഞ്ചു വർഷം

സർക്കാർ ഉദ്യോഗസ്ഥനായ‍ിരുന്ന അച്ഛൻ പത്മനാഭപിള്ളയുടെ പേരിലുള്ള കുടുംബ പെൻഷൻ അവിവാഹിതയായ ബിന്ദുവിന് അർഹതപ്പെട്ടതായിരുന്നു. അഞ്ചു വർഷം മുമ്പു വരെ അവരതു കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ഇവർ ഇതു കൈപ്പറ്റിയിട്ടില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാജ മുക്ത്യാറും ആൾ മാറാട്ടവും

പിതാവിന്റെ മരണ സമയത്താണത്രെ ബിന്ദു അവസാനമായി നാട്ടിലെത്തുന്നത്. ബന്ധുക്കളുമായി അടുപ്പമില്ലാതിരുന്നതിനാലും സഹോദരൻ സ്ഥലത്ത് ഇല്ലാതിരുന്നതിനാലുമാകണം ഇവർ പള്ളിപ്പുറം സ്വദേശിയെ ബ്രോക്കറാക്കി ഇടപ്പള്ളിയിലെ വസ്തു വിൽക്കാൻ ശ്രമിച്ചത്. ആദ്യ ഘട്ടത്തിൽ വിൽപന നടക്കാതിരുന്നതിനാൽ മുക്ത്യാർ നൽകിയ ശേഷം ബിന്ദു തിരിച്ചു പോയെന്ന നിലപാടിലായിരുന്നു പള്ളിപ്പുറം സ്വദേശി.

എന്നാൽ മുക്ത്യാർ റജിസ്റ്റർ ചെയ്തത് വ്യാജമാണെന്നു വ്യക്തമായതോടെ പൊലീസ് ബിന്ദുവിനായുള്ള അന്വേഷണം തുടങ്ങി. ബിന്ദുവിന്റെ പേരിൽ വ്യാജ മുക്ത്യാർ റജിസ്റ്റർ ചെയ്ത് ഇടപ്പള്ളിയിലെ ഭൂമി വിൽപന നടത്തിയെന്നാണ് ഇപ്പോൾ നിലവിലുള്ള കേസ്. പലതവണ പൊലീസ് ബ്രോക്കറെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നുറപ്പാക്കാൻ പോലും പൊലീസിനായിട്ടില്ല എന്നതാണ് വസ്തുത.

അതേസമയം, കോടികൾ വിലയുള്ള വസ്തുക്കൾ വ്യാജ മുക്ത്യാർ ചമച്ചു തട്ടിയെടുത്തതായി ഇതിൽ വ്യാജ ഒപ്പുവച്ച സ്ത്രീ കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ടത്രെ. പള്ളിപ്പുറം സ്വദേശിയുടെ നിർദേശപ്രകാരം ആൾമാറാട്ടം നടത്തി ബിന്ദുവാണെന്ന വ്യാജേന ഒപ്പു വച്ചതായാണ് കുറുപ്പംകുളങ്ങര സ്വദേശിനി സിഐക്കു നൽകിയ മൊഴിയിലുള്ളത്. എന്നാൽ ഇതിൽ പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെന്നാണ് ഉയരുന്ന ഒരു ആരോപണം. ഇതോടെയാണ് കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുള്ളതായി ആക്ഷേപമുയർന്നത്.

എല്ലാം അറിയുന്ന ഒരേ ഒരാൾ

പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള ഒന്നാമനായ ഭൂമി ഇടപാടുകാരന് കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമെന്നു തന്നെയാണ് പൊലീസ് വിലയിരുത്തുന്നത്. നാട്ടുകാർക്കും ഇതേ അഭിപ്രായമാണ്. ആദ്യ ഭൂമിഇടപാടുകളിൽ ബിന്ദുവിന് ഒപ്പം നിന്നിട്ടുള്ള ഇയാൾ ഇവരെ കാണാതായ ശേഷം വ്യാജരേഖ ചമച്ചാണ് ഇടപാടുകൾ നടത്തിയത് എന്ന് വ്യക്തമായ സാഹചര്യത്തിൽ, അവർ ജീവനോടെ ഉണ്ടോ എന്നു വ്യക്തമായി അറിയുന്നത് ഇയാൾക്കായിരിക്കുമെന്ന് നാട്ടുകാരും പറയുന്നു. വർഷങ്ങൾക്കു മുമ്പ് ഇവരെ കാണാതായതായി പരാതി ഉയർന്നതോടെ പൊലീസിനെ സ്വാധീനിച്ച് അന്വേഷണം ഒതുക്കാൻ ഇയാൾ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു.

അന്വേഷണം ഇവിടെവരെ

‌അന്വേഷണോദ്യോഗസ്ഥനായ കുത്തിയതോട് സിഐ ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ചേർത്തല ഡിവൈഎസ്പി എ.ജി.ലാൽ പറഞ്ഞു. ഇതിന്റെ രേഖകൾ പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിയുമായി ചർച്ച ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. അതേസമയം വ്യാജ രേഖകൾ സ്വീകരിച്ച് റജിസ്ട്രേഷൻ നടത്തിയ സബ് റജിസ്ട്രാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് കേസിൽ മറ്റെന്തെങ്കിലും പങ്കുണ്ടോ എന്നറിയുന്നതിനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

related stories