പ്രകോപനവുമായി ഉത്തരകൊറിയ; ജപ്പാൻ തീരത്തിനടുത്ത് മിസൈൽ വിക്ഷേപിച്ചു

സോൾ ∙ മേഖലയിൽ സംഘർഷം രൂക്ഷമാക്കി ജപ്പാൻ തീരത്തിനടുത്തേക്ക് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ. ജപ്പാന്റെ എക്സ്ക്ലുസീവ് ഇക്കണോമിക് സോണിലേക്കാണ് (ഇഇഇസെഡ്) ഉത്തരകൊറിയ ഇന്നുരാവിലെ മിസൈൽ വിക്ഷേപിച്ചതെന്നു ജപ്പാൻ മാധ്യമം എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ജപ്പാൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചാണു റിപ്പോർട്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രകോപനപരമായ നടപടി. ഭൂഖണ്ഡാന്തര മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയയുടെ സൈന്യവും അറിയിച്ചു. അതേസമയം, കടലിൽ നിന്ന് ആക്രമണമുണ്ടായാൽ ശത്രുവിന്റെ കപ്പൽ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഉത്തരകൊറിയ ഈമാസമാദ്യം ഏതാനും മിസൈലുകൾ വിക്ഷേപിച്ചിരുന്നു.

അമേരിക്കയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും താക്കീതുകളെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയ 200 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ വിക്ഷേപിച്ചത്. ഇതുവരെ വിക്ഷേപിച്ചതിൽനിന്നു വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസ്സാക്കിയതിനു പിന്നാലെയായിരുന്നു ഇത്.

ജപ്പാൻ കടലിലെ യുഎസ്–ജപ്പാൻ സംയുക്ത സൈനികാഭ്യാസവും അതിനു തൊട്ടുമുൻപു നടന്ന യുഎസ്–ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസവും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. പേൾ ഹാർബർ തുറമുഖത്തു കിടന്നിരുന്ന യുഎസ് പടക്കപ്പൽ ഏതാനും ദിവസമായി ദക്ഷിണ കൊറിയൻ തുറമുഖമായ ബുസാനിലുണ്ട്. യുഎസ് പോർവിമാനങ്ങൾ ജപ്പാൻ കടലിനു മീതെ പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ്, ശത്രുവിന്റെ പടക്കപ്പലുകളെ മിസൈൽ ഉപയോഗിച്ചു തകർക്കാനുള്ള ശേഷി ഉത്തര കൊറിയ പ്രകടിപ്പിച്ചത്.

യുഎസ് മിസൈൽവേധ സംവിധാനം സ്ഥാപിക്കുന്ന നടപടികൾ ദക്ഷിണ കൊറിയ തൽക്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ രണ്ടു ലോഞ്ചറുകളാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചത്. ഇനി നാലെണ്ണം കൂടി സ്ഥാപിക്കാനുണ്ട്. ഇതു മേഖലയിലെ ശാക്തിക ബലാബലം തകിടംമറിക്കുമെന്നാണ് ഉത്തര കൊറിയയെ ശക്തമായി പിന്തുണയ്ക്കുന്ന ചൈനയുടെ പരാതി.

ഇവിടെ സ്ഥാപിക്കുന്ന റഡാറുകൾക്കു വിദൂരത്തുള്ള വിവരങ്ങൾ പോലും പിടിച്ചെടുക്കാനാകുമെന്നതാണു ചൈനയെ പ്രകോപിപ്പിച്ചത്. യുഎസിനെ ആക്രമിക്കാൻ കഴിയുംവിധം ഭൂഖണ്ഡാന്തര മിസൈൽ വികസിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് ഉത്തര കൊറിയ. അതിനായി മിസൈൽ പരീക്ഷണത്തിന്റെ തോത് ഈയിടെയായി വർധിപ്പിച്ചിരിക്കുകയാണ്.