കൊല്ലം ∙ 599 രൂപയ്ക്കു അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എന്‍എൽ. രണ്ട് എംബിപിഎസ് വേഗത്തിൽ എത്ര ജിബി വേണമെങ്കിലും ഈ പ്ലാനിൽ ഉപയോഗിക്കാം. നിലവിൽ 1199 രൂപയുടെ കോംബോ പ്ലാനിലായിരുന്നു ഈ സൗകര്യം ലഭിച്ചു കൊണ്ടിരുന്നത്. ഇതുൾപ്പെടെ വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ നിരക്കിൽ ബിഎസ്എൻഎൽ കുറവു വരുത്തി.
599 രൂപയുടെ പുതിയ പ്ലാനിലേക്കു നിലവിലുള്ള ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും മാറാം. ലാൻഡ് ഫോണിൽ ലഭ്യമാകുന്ന രാത്രികാല സൗജന്യ കോൾ സൗകര്യവും ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യവും ഈ പ്ലാനിലും ലഭിക്കും. ഇതു കൂടാതെ 675 രൂപയുടെ പ്ലാനിൽ നാല് എംബിപിഎസ് വേഗത്തിൽ അഞ്ചു ജിബി ലഭിച്ചിരുന്നതു 10 ജിബി വരെയും 999 രൂപയുടെ പ്ലാനിൽ നാല് എംബിപിഎസ് വേഗത്തിൽ 20 ജിബി ലഭിച്ചിരുന്നതു 30 ജിബി വരെയുമാക്കി. ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കൾക്കു മാത്രമുള്ള 650 രൂപയുടെ പ്ലാനിൽ നിലവിലെ അഞ്ചു ജിബിക്കു പകരം രണ്ട് എംബിപിഎസ് വേഗത്തിൽ 15 ജിബി ലഭിക്കും.
നഗരപ്രദേശങ്ങളിൽ ബ്രോഡ‍്ബാൻഡ് ഇല്ലാത്ത ബിഎസ്എൻഎൽ ഉപയോക്താക്കൾക്കു നിലവിലെ 240 രൂപയുടെ മാസബില്ലിനൊപ്പം ഒൻപതു രൂപ അധികം നൽകിയാൽ ഒരു വർഷത്തേക്ക് രണ്ട് എംബിപിഎസ് വേഗത്തിൽ അഞ്ചു ജിബി വരെ ഉപയോഗിക്കാം. കോംബോ 249 എന്ന ഈ പ്ലാനിൽ അഞ്ചു ജിബി ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസ് ആയി കുറയും. ഗ്രാമീണ േമഖലയിൽ 220 രൂപ മാസവാടയുള്ളവർക്ക് 29 രൂപയും 180 രൂപ മാസവാടകയുള്ളവർക്ക് 69 രൂപയും അധികം നൽകിയാൽ ഇതേ പ്ലാൻ ഉപയോഗിക്കാം. ഒരു വർഷത്തിനു ശേഷം 449 രൂപയുടെ പ്ലാനിലേക്ക് ഇതു മാറും.
ബിഎസ്എൻഎൽ പ്രീപെയ്ഡ്–പോസ്റ്റ് പെയ്ഡ‍് നമ്പറുകൾ ആധാറുമായി യോജിപ്പിക്കാനുള്ള നടപടികൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതു വരെ 1.5 ലക്ഷം ഉപയോക്താക്കൾ ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചു കഴിഞ്ഞു.