Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ തടവിലായിരുന്ന സമാധാന നൊബേൽ ജേതാവ് സിയാവോബോ അന്തരിച്ചു

 Liu Xiaobo

ബെയ്ജിങ് ∙ ചൈനയുടെ വൻമതിൽക്കെട്ടിനുള്ളിൽ ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്രത്തിന്റെയും ശബ്‌ദമുയർത്തിയതിനു ജയിലിലടയ്‌ക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ലിയു സിയാവോബോ (61) അന്തരിച്ചു. കരളിന് അർബുദം ബാധിച്ചതിനെ തുടർന്ന് ഷെന്യാങ്ങിലെ ചൈന മെഡിക്കൽ സർവകലാശാലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിയാവോബോയുടെ ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

മനുഷ്യാവകാശ പ്രവർത്തകനായ ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. ജനാധിപത്യം, ബഹുകക്ഷി തിരഞ്ഞെടുപ്പ്, സ്വതന്ത്ര നീതിന്യായ വ്യവസ്‌ഥ, നഗര-ഗ്രാമ സമത്വം, അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങി 19 ആവശ്യങ്ങളടങ്ങുന്ന അവകാശപത്രിക തയാറാക്കാൻ നേതൃത്വം നൽകിയതിന്റെ പേരിലാണു 2008ൽ ലിയുവിനെ അറസ്‌റ്റ് ചെയ്‌തത്. ഏറെക്കാലം ഏകാന്ത തടവിൽ പാർപ്പിച്ചശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. രാജ്യത്തിനെതിരായ വിധ്വംസക പ്രവർത്തനമായിരുന്നു ചുമത്തിയ കുറ്റം.

സിയാവോബോയെ ‘തോൽപ്പിക്കാൻ’ പതിനെട്ടടവും പയറ്റിയ ചൈനീസ് ഭരണകൂടം

തുടർന്നു 2009 ഡിസംബറിൽ 11 വർഷത്തെ തടവിനു വിധിച്ചു. സർവകലാശാലാ മുൻ പ്രഫസറായ ലിയു, 1989ലെ ടിയനൻമെൻ സമരത്തിൽ അറസ്‌റ്റിലായിരുന്നു. 2010 ലെ നൊബേൽ സമാധാന പുരസ്കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാൻ അനുവദിച്ചില്ല. സിയാവോബോയ്‌ക്കു സമ്മാനം നൽകിയതിനെ ചൈന രൂക്ഷമായി വിമർശിച്ചിക്കുകയും ചെയ്തു. തുടർന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേൽ സമിതി മെഡലും പ്രശസ്തിപത്രവും സമർപ്പിച്ചത്. അർബുദ ബാധിതനായപ്പോഴും വിദഗ്ധ ചികിൽസയ്ക്കായി വിദേശത്തേക്കു വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യർഥന ചൈന നിരാകരിച്ചു.

1935നു ശേഷം ആദ്യമായാണ് നൊബേൽ ജേതാവിനോ പ്രതിനിധിക്കോ പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനാവാതെ പോയത്. ജർമനിയിലെ പത്രപ്രവർത്തകനായ കാൾ ഒസീറ്റ്‌സ്‌കിക്കാണ് സമാനമായ അനുഭവം അതിനുമുമ്പ് ഉണ്ടായത്. തടങ്കൽപാളയത്തിൽ അടയ്‌ക്കപ്പെട്ടതിനാൽ 1935ലെ ജേതാവായ ഒസീറ്റ്‌സ്‌കിക്ക് തൊട്ടടുത്തവർഷം നടന്ന ചടങ്ങിൽ പങ്കെടുക്കാനായില്ല.

തന്റെ വിമർശകനായ ഒസീറ്റ്‌സ്‌കിക്ക് പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് ഹിറ്റ്‌ലർ ജർമൻകാർ ആരും ഒരു നോബേൽ പുരസ്‌കാരവും സ്വീകരിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു. ചൈനീസ് സർക്കാരാകട്ടെ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കരുതെന്ന് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെടുകയും പങ്കെടുത്താൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്‌തു. ടിയനൻമെൻ സ്‌ക്വയറിൽ 1989ൽ ജനാധിപത്യാവകാശത്തിനു വേണ്ടി പോരാടി മരിച്ചവർക്കാണു തന്റെ പുരസ്‌കാരനേട്ടം ലിയു സമർപ്പിച്ചത്.

related stories