ന്യൂഡൽഹി ∙ നിഥാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ മൊനീന്ദർ സിങ് പാന്ഥറിനും സഹായി സുരീന്ദർ കോലിക്കും സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 16 പേരെ കൊലപ്പെടുത്തിയ പരമ്പരയിൽ എട്ടാമത്തെ കേസിലാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. പിങ്കി സര്‍ക്കാര്‍ എന്ന ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ഇപ്പോൾ ശിക്ഷ. പെണ്‍ക്കുട്ടികളെ കൊന്ന് കുഴിച്ചുമൂടിയ പ്രതികളുടെ പ്രവര്‍ത്തി സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശ് നിഥാരിയിലെ മൊനീന്ദര്‍ സിങിന്‍റെ വീട്ടുവളപ്പില്‍ പത്തൊന്‍പത് പെണ്‍ക്കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ആറ് കേസുകളില്‍ രണ്ടുപ്രതികള്‍ക്കും നേരത്തേ വധശിക്ഷ വിധിച്ചിരുന്നു.
നിഥാരി ഗ്രാമത്തിലെ കുട്ടികളെയും സ്‌ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി, ശരീരഭാഗങ്ങൾ മുറിച്ചു ശീതീകരണിയിൽ സൂക്ഷിക്കുകയും പിന്നീടു വീടിനു പിന്നിലുള്ള അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണു കേസ്.