സെൻകുമാറിന്റെ പെരുമാറ്റം താനല്ലാതെ വേറെ നല്ലവരില്ലെന്ന മട്ടിൽ: ടി.പത്മനാഭൻ

കോഴിക്കോട് ∙ വിരമിച്ച ശേഷം സംസ്ഥാന മുൻ പൊലീസ് മേധാവി ടി. പി. സെൻകുമാർ കാണിക്കുന്ന സ്വഭാവ വിശേഷങ്ങൾ അത്യന്തം ദയനീയമാണെന്ന് കഥാകാരൻ ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

താനല്ലാതെ വേറെ ആരും ലോകത്ത് നല്ലവരില്ലെന്ന മട്ടിലാണ് സെൻകുമാർ പെരുമാറുന്നത്. എല്ലാരെയും അദ്ദേഹം ചീത്ത പറയുന്നു. എഡിജിപി: ബി. സന്ധ്യയേയും ഡിജിപി: ലോക്നാഥ് ബെഹ്റയേയും പേരെടുത്ത് ആക്ഷേപിച്ചു. പീഡനത്തിനിരയായ നടിയെക്കുറിച്ചു മോശമായി സംസാരിച്ചു. ഒരു മതവിഭാഗത്തെക്കുറിച്ചും  അദ്ദേഹം മോശമായാണു പറഞ്ഞത്.

സെൻകുമാറിനിപ്പോൾ പ്രശസ്തിക്കായുള്ള ത്വരയാണ്. രാവിലെ ഉണർന്നെണീക്കുന്നതു തന്നെ ആർക്കൊക്കെ അഭിമുഖം നൽകണമെന്നു തീരുമാനിച്ചാണ്. അതിനായി പാഞ്ഞു നടക്കുന്നു. കുഴപ്പത്തിലായെന്നു  കാണുമ്പോൾ അതു വളച്ചൊടിച്ചതാണെന്നു പറയുന്നു. നടി ആക്രമണ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചനയില്ലെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞതിനെയാണ് പലരും വിമർശിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് തന്നെയാണു ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് എന്നോർമിക്കണം.

നടി ആക്രമണത്തിനിരയായ കേസ് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലാകും. ടി. പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും പൊലീസിന് അഭിമാനിക്കാൻ വകയുള്ള കാര്യമാണ്. കേരളത്തിലെ പൊലീസ് നേരിന്റെ പാതയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു എന്നതാണു കാണുന്നതെന്നും ടി. പത്മനാഭ‍ൻ പറഞ്ഞു.