Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഷാ ന്യൂനപക്ഷ പ്രശ്നം പഠിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും

ernakulam-tamil-ilakkiyam

തിരുവനന്തപുരം ∙ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതി യോഗം തീരുമാനിച്ചു. ഭാഷാന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ്ടു തലത്തിലും അവരവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കാനും പരീക്ഷ എഴുതാനുള്ള അവസരം നല്‍കാനും ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കാൻ യോഗം തീരുമാനിച്ചു.

കേരളത്തിലെ കന്നഡ, തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാനുളള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സ്കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതുകൊണ്ട് ഭാഷാന്യൂനപക്ഷങ്ങളുടെ താൽപര്യം ഒരുവിധത്തിലും ഹനിക്കപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളില്‍ ബോധന മാധ്യമം തമിഴോ കന്നഡയോ ആയി തുടരും. അതില്‍ മാറ്റമുണ്ടാകില്ല. മലയാളം ഉപഭാഷയായി പഠിക്കണമെന്നേ നിര്‍ദ്ദേശിക്കുന്നുളളൂ. ഈ വര്‍ഷം ഒന്നാം ക്ലാസിലാണു തുടങ്ങുന്നത്. അടുത്തവര്‍ഷം മുതല്‍ രണ്ടാം ക്ലാസില്‍. ഇപ്പോള്‍ മറ്റു ക്ലാസുകളിലുള്ളവര്‍ മലയാളം പഠിക്കേണ്ടി വരില്ല.

കേരളത്തില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ മലയാളം കൂടി പഠിക്കുന്നത് അവരുടെ ഭാവിക്കു നല്ലതാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ താൽപര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണു മലയാള ഭാഷാനിയമം നടപ്പാക്കാന്നുതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.  മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പിഎസ്‍സി മാതൃകാചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ കൂടി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു പിഎസ്‍സി സെക്രട്ടറി സാജു ജോര്‍ജ് പറഞ്ഞു.

ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ താലൂക്ക് ഓഫീസില്‍ അതാതിടത്തെ ന്യൂനപക്ഷ ഭാഷ അറിയുന്ന ഒരു ഉദ്യോഗസ്ഥനെയെങ്കിലും നിയോഗിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.  കെഎസ്ആര്‍ടിസി ബസുകളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് യാത്രാസൗജന്യം ലഭിക്കുന്നില്ലെന്ന പരാതി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായി ബന്ധപ്പെട്ടു പരിഹരിക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ മന്ത്രി എം.എം. മണി, എംഎല്‍എമാരായ എസ്.രാജേന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

related stories