പുതുവൈപ്പ് എൽഎൻജി പ്ലാന്റ്: നിയമസഭാ സമിതി തെളിവെടുത്തു

കൊച്ചി പുതുവൈപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എൽഎൻജി ടെര്‍മിനല്‍ പദ്ധതിപ്രദേശത്തു നിയമസഭാ സമിതി അംഗങ്ങള്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതുവൈപ്പിലെ എൽഎൻജി സംഭരണ കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ നിയമസഭയുടെ പരിസ്ഥിതി സമിതി വിവിധ വിഭാഗങ്ങളിൽനിന്നും തെളിവെടുത്തു. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ സമിതി കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സമര സമിതി നേതാക്കളിൽനിന്നും ഇന്ത്യൻ ഓയിൽ കമ്പനി പ്രതിനിധികളിൽനിന്നും മറ്റ് ഉദ്യോഗസ്ഥരിൽനിന്നുമാണു തെളിവെടുത്തത്.

മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ഉപജീവനത്തെയും സുരക്ഷിത ജീവിതത്തേയും ബാധിക്കുമെന്ന് പ്ലാന്റിനെ എതിർക്കുന്നവർ സമിതി മുമ്പാകെ പരാതിപ്പെട്ടു. അതേസമയം സുരക്ഷ പൂർണമായും ഉറപ്പാക്കിയാണു പ്ലാന്റ് നിർമാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനും വ്യക്തമാക്കി. ഈ പ്രദേശത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്ന് സമര സമിതി കൺവീനർ കെ.എസ്. മുരളി പറഞ്ഞു.

തെറ്റായ പരസ്യങ്ങളും അവകാശ വാദങ്ങളും പ്രചരിപ്പിച്ചു നിരാലംബരായ മത്സ്യത്തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി. സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. എൽഎൻജി ടെർമിനൽ വന്നതിനുശേഷം ഇപ്പോൾതന്നെ മത്സ്യ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. മൂന്ന് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ കൊച്ചി അഴിമുഖത്തുനിന്നു മീൻ പിടിക്കുന്നു. മൂന്നു ലക്ഷം ജനവാസമുള്ള മേഖലയിൽ 25 കിലോമീറ്റർ ദൂരപരിധി പാലിക്കണമെന്ന വ്യവസ്ഥ കമ്പനി ലംഘിച്ചിരിക്കുകയാണ്. 2005ൽ കമ്മീഷൻ ചെയ്യുമെന്ന് പറഞ്ഞ പദ്ധതി ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നതെന്നും കെ.എസ്. മുരളി പറഞ്ഞു. 

പാരിസ്ഥിതികമായി വളരെയധികം സെൻസിറ്റീവായ പുതുവൈപ്പ് മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ ജൈവവൈവിധ്യത്തിനു ഭീഷണിയാണെന്നു കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി 2015 ൽ സർക്കാരിന് നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധി ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി. പ്ലാന്റ് പൂർത്തിയാകുന്നതോടെ റോഡ് വഴിയുള്ള എൽപിജി ടാങ്കർ നീക്കത്തിലൂടെ സംഭവിക്കുന്ന അപകടങ്ങൾ വളരെയധികം കുറയ്ക്കാനാകുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ സമിതിയെ അറിയിച്ചു

പദ്ധതിതുകയുടെ 30 ശതമാനവും സുരക്ഷയ്ക്കായാണ് വിനിയോഗിക്കുന്നത്. 24 മണിക്കൂർ സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. ഇന്ത്യയിലെ 7500 കിലോമീറ്ററോളം വരുന്ന തീരദേശത്ത് 13 ഇറക്കുമതി ടെർമിനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും ഏജൻസിയോ അതോറിറ്റിയോ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കമ്പനി വ്യക്തമാക്കി. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നു സമര സമിതി പ്രവർത്തകർ പറഞ്ഞു.

എൽപിജി പ്ലാന്റുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ പരിശോധിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്ന് എസ്. ശർമ്മ എംഎൽഎ പറഞ്ഞു. ഇത് കേന്ദ്ര പദ്ധതിയാണ്. പദ്ധതി നിർമ്മാണത്തിന് രാത്രിയും പകലും സംരക്ഷണം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തുകയാണ്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരായ പി.വി. അൻവർ, ഒ.ആർ. കേളു, അനിൽ അക്കര എന്നിവരും ജില്ലാകലക്ടർ മുഹമ്മദ് വൈ. സഫീറുള്ള, നിയമസഭ അഡീഷണൽ സെക്രട്ടറി കെ.എസ്. അനസ്, വിവിധ വകുപ്പ് ജീവനക്കാർ, കമ്പനി പ്രതിനിധികൾ, സമരസമിതി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.