Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ തള്ളി ലോകബാങ്ക്; കിഷൻഗംഗ ജലവൈദ്യുതി പദ്ധതിക്ക് അനുമതി

River Jehlum പാക്ക് അധീന കശ്മീരിലേയ്ക്ക് ഒഴുകുന്ന ഝലം നദി. (ഫയൽ ചിത്രം)

വാഷിങ്ടൺ∙ പാക്കിസ്ഥാന്റെ എതിർപ്പുകൾ അവഗണിച്ച് ഝലം, ചെനാബ് നദികളിൽ ജലവൈദ്യുതി പദ്ധതികൾ നിർമ്മിക്കാൻ ഇന്ത്യക്ക് ലോകബാങ്കിന്റെ അനുമതി. 56 വർഷം പഴക്കമുള്ള സിന്ധു നദീജല വിനിയോഗ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു ലോകബാങ്കിന്റെ തീരുമാനം.

നേരത്തെ 2010ല്‍ ഝലം നദീതടത്തിൽ ഇന്ത്യ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതികൾക്കെതിരെ പാക്കിസ്ഥാൻ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു കോടതിവിധി. കിഷൻഗംഗയിൽ 330 മെഗാവാട്ടും റാറ്റിലിൽ 850 മെഗാവാട്ടും ഉൽപാദിപ്പിക്കാവുന്ന ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ നിർമ്മിക്കുന്നത്. രണ്ട് പദ്ധതികളുടെയും സാങ്കേതിക രൂപകൽപ്പനയെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലിലാണ്.

'ഝലം, ചെനാബ് നദികളിൽ മറ്റ് ഉപയോഗങ്ങൾക്കൊപ്പം ജലവൈദ്യുത പദ്ധതികൾക്കാവശ്യമായ നിർമ്മാണം നടത്താനും ഇന്ത്യയ്ക്ക് അനുമതിയുണ്ട്. സിന്ധു നദീജല വിനിയോഗ കരാറിലെ സാങ്കേതിക പ്രശ്നങ്ങളിൽ ഈയാഴ്ച ചർച്ച നടത്തും. സൗമനസ്യത്തോടെയും പരസ്പര സഹകരണത്തോടെയും ആയിരിക്കും ചർച്ച'- ലോക ബാങ്ക് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സിന്ധു നദീ ജലവിനിയോഗ കരാറിൽനിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോർട്ടുകൾ സജീവമായപ്പോഴാണു പാക്കിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ജലം പങ്കുവയ്ക്കലിനു മധ്യസ്ഥത വഹിച്ചതു ലോകബാങ്കാണ്. കരാറിൽ നിന്ന് ഇന്ത്യ പിന്മാറുന്നതു യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ പിന്നീട് ഇന്ത്യ നിലപാട് മാറ്റി. കരാറിൽനിന്നു പിൻമാറുന്നതിനു പകരം, കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങൾ പൂർണമായി വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. രക്തവും വെള്ളവും ഒരേസമയം ഒഴുക്കാനാവില്ലെന്നും മോദി വ്യക്‌തമാക്കി.

കരാറിന്റെ ഭാഗമായ നദികളിലെ ജലം കൂടുതലായി ശേഖരിക്കുന്നതിനും ജലവൈദ്യുത പദ്ധതികൾ ഊർജിതമാക്കുന്നതിനും നടപടിയെടുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. സത്‌ലജ്, രവി, ബിയാസ് നദികളിലെ വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും പാക്കിസ്ഥാനിലേക്കു ഒഴുകി പാഴാകുന്നതു തടയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.