ഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിലെ 'വിവാദ വിവാഹ' സംഭവത്തില്‍ വധുവിനെതിരെ നവമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതായി കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ. പെണ്‍കുട്ടി കാമുകനോടൊപ്പം പോയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി. പെൺകുട്ടിയുടെ വീടു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിലും മുല്ലശേരി സ്വദേശിനിയായ യുവതിയും തമ്മിലാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത്. താലികെട്ടിയ ശേഷം ചടങ്ങ് അലങ്കോലമായതിന്റെ പേരില്‍ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരുകൂട്ടരുടേയും ഭാഗത്തു നിന്നുണ്ടായത്. കാമുകനോടൊപ്പം പോയിട്ടില്ലെന്നു പെൺവീട്ടുകാരും പോകുമെന്നു പറഞ്ഞതായി വരന്റെ വീട്ടുകാരും പറഞ്ഞു. വിഷയം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. പെണ്‍കുട്ടിക്കെതിരെ ചിത്രം സഹിതം രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണു പെൺകുട്ടിയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാന്‍ കെ.വി.അബ്ദുല്‍ഖാദർ, നടനും സാഹിത്യകാരനുമായ വി.കെ.ശ്രീരാമൻ എന്നിവർ വീടു സന്ദര്‍ശിച്ചത്.
Read More : താലി പൊട്ടിച്ച ആ പെണ്ണിനും കാണും ‘തേൻ പോലൊരു’ മനസ്
പ്രണയമുള്ള കാര്യം പെൺകുട്ടി വരനോടു നേരത്തെ വെളിപ്പെടുത്തിയിരുന്നതായും കാമുകൻ വിവാഹത്തിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമെന്നും പ്രചരിക്കുന്നുണ്ട്. വിവാദ വിവാഹത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കാമുകൻ സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയതും വലിയതോതിൽ ചർച്ചയായി.
'ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം അവളുടെ അമ്മയ്ക്കറിയാം. എന്നാല്‍ പെട്ടെന്ന് അവള്‍ക്ക് കല്യാണം ആലോചിക്കുകയായിരുന്നു. ഞങ്ങളതു മുടക്കാന്‍ നോക്കി. എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. 20 വയസ്സുള്ള വിദ്യാർഥിയായ ഞാന്‍ എന്തു ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ ഇറക്കിക്കൊണ്ടു വരുന്നത്? അതുകൊണ്ടു ഞങ്ങള്‍ ഇഷ്ടത്തിലാണെന്നു യുവതിയെ കല്യാണം കഴിക്കാന്‍ വന്ന ഷിജിലിനെ അറിയിച്ചു. എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറക്കാനായിരുന്നു അയാളുടെ മറുപടി. ഒടുവില്‍ എന്തു വേണമെന്ന് അറിയാതായി. നിസ്സഹായനായതിനാല്‍ എനിക്ക് കല്യാണം മുടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള്‍ എല്ലാ വഴികളും നോക്കി. ആ കല്യാണ മണ്ഡപത്തില്‍ പോയെങ്കിലും കെട്ടു കഴിഞ്ഞപ്പോള്‍ എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവിടെനിന്നു പോന്നതിനു ശേഷമാണു പിന്നീടുള്ള സംഭവങ്ങളെല്ലാം നടന്നത്. ഞാൻ അവിടെ ഉണ്ടെന്നു കരുതിയാണ് അവൾ അങ്ങനെയൊക്കെ പെരുമാറിയതെന്നു തോന്നുന്നു– യുവാവിന്റെ കുറിപ്പിൽ പറയുന്നു.