തിരുവനന്തപുരം∙ കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനു കൈമാറി. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. കൊട്ടാരം കൈമാറാന്‍ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഹൈക്കോടതി വിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണു തീരുമാനം. പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിയാണു കൈവശാവകാശം വിട്ടു നൽകിയത്.
ഹൈക്കോടതിവിധി അനുസരിച്ചു വസ്തു കൈമാറാത്തതിനെതിരെ ആർപി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. തുടർന്നു സർക്കാർ നിയമവകുപ്പിന്റെ ഉപദേശം തേടി. സുപ്രീം കോടതി പ്രത്യേകാനുമതി ഹർജി തളളിയ സാഹചര്യത്തിൽ ഇനി അപ്പീലിനു സാധ്യതയില്ലെന്നാണു നിയമ വകുപ്പും അഡ്വക്കറ്റ് ജനറലും അഭിപ്രായപ്പെട്ടത്. കോടതിയലക്ഷ്യ നടപടിയുണ്ടാകാതിരിക്കാൻ കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് വിട്ടു നൽകുകയായിരുന്നു.
കോവളം കൊട്ടാരത്തിന്റെ ചരിത്രം
തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുളള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ൽ ആണു സർക്കാർ ഏറ്റെടുത്തത്. 1970-ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിനു കൈമാറി. ഐടിഡിസിയുടെ അശോക ബീച്ച് റിസോർട്ട് 2002 വരെ അവിടെ പ്രവർത്തിച്ചു. എന്നാൽ കൊട്ടാരവും സ്ഥലവും 2002-ൽ കേന്ദ്ര സർക്കാർ എംഫാർ ഗ്രൂപ്പിനു വിറ്റു. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് 2004-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനു മുമ്പ് എംഫാർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിനു വിറ്റിരുന്നു.
ലീല ഗ്രൂപ്പിന്റെ ഹർജി പരിഗണിച്ചു കൊട്ടാരം ഏറ്റെടുക്കാനുളള സർക്കാർ ഉത്തരവുകൾ 2005-ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്നു കൊട്ടാരം ഏറ്റെടുക്കാൻ 2005 ഓഗസ്റ്റിൽ സർക്കാർ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു 2011ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയും ഹൈക്കോടതി തളളി. സുപ്രീം കോടതിയിൽ സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷൻ 2016ൽ നിരസിക്കപ്പെട്ടു. ലീല ഗ്രൂപ്പിൽനിന്നാണു കൊട്ടാരവും അനുബന്ധ സ്ഥലവും ആർപി ഗ്രൂപ്പ് വാങ്ങിയത്.