കോളറ വീണ്ടും: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് കോളറ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഇതു സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന മേഖലകളിൽ പരിശോധന നടത്തണമെന്നും ജലശുദ്ധീകരണം ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

കോഴിക്കോട് ജില്ലയിലെ കോളറ ബാധയെക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. കോഴിക്കോടിന്റെ സമീപജില്ലയെന്ന നിലയിൽ മലപ്പുറത്തും ഇവർ പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധരുമായി ചർച്ച നടത്താനും നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലായി ഇക്കൊല്ലം ഇതുവരെ മൂന്നു പേർക്കാണു കോളറ സ്ഥീരീകരിച്ചത്. പത്തനംതിട്ട ജില്ലയിൽ കോളറ ബാധിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിക്കുകയും ചെയ്തു. ഏഴു പേർക്ക് കോളറ സംശയിക്കുന്നുണ്ട്.

പത്തനംതിട്ട വള്ളിക്കോട്ടും കോഴിക്കോട്ടു മാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. മാവൂരിൽ 12 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവിടെ കിണർ വെള്ളത്തിൽ കോളറ പരത്തുന്ന വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കിണർ അടച്ചു മുദ്രവയ്ക്കാൻ നിർദേശിച്ചു. അഞ്ചു കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.

മലപ്പുറത്ത് കുറ്റിപ്പുറത്തെ നാലു കിണറുകളിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അവയിൽ മൂന്നെണ്ണം ഹോട്ടലുകൾ ഉപയോഗിക്കുന്നതാണ്. നാലു കിണറുകളും അടച്ചു മുദ്രവയ്ക്കണമെന്നു കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. താമസത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് കോളറ പടർന്നുവെന്നാണ് നിഗമനം. കഴിഞ്ഞ വർഷം ജൂലൈയിൽ നാലുപേർ ഈ മേഖലയിൽ കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. പക്ഷേ, ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ ഇവരുടെ മരണകാരണം അതിസാരമാണ്. അന്ന് 17 പേർ കോളറ ലക്ഷണങ്ങളോടെയും നൂറിലേറെപ്പേർ അതിസാരം പിടിപെട്ടും ചികിത്സ തേടി.

പത്തനംതിട്ടയിൽ കോളറ ബാധിച്ച് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയ്ക്കൊപ്പം താമസിച്ചിരുന്ന മൂന്നുപേർ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജോലിക്കെത്തിയിരുന്നു. ഇവരെ തിരിച്ചറിയുകയും പ്രതിരോധ മരുന്ന് നൽകുകയും ചെയ്തു. മറ്റു ജില്ലകളിൽ ഈ വർഷം ഇതുവരെ കോളറയോ മരണമോ റിപ്പോർട്ടു ചെയ്തിട്ടില്ല. എല്ലായിടത്തും രോഗപ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോളറയല്ലെങ്കിലും വയറിളക്കം ബാധിച്ച് ഈ വർഷം സംസ്ഥാനത്തു നാലു പേരാണു മരിച്ചത്. 98000 പേർക്ക് രോഗം ബാധിച്ചു.

വീണ്ടും തലപൊക്കുന്നുവോ, ജീവനെടുക്കുന്ന മഹാമാരി?

കേരളത്തിൽനിന്നു തുടച്ചുനീക്കിയ മഹാമാരിയായ കോളറ വീണ്ടും തലപൊക്കുകയാണോ? ശുചിത്വവും ആരോഗ്യബോധവൽക്കരണവും വഴി പടിക്കുപുറത്താക്കിയ കോളറ, സംസ്ഥാനത്തെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളിലാണ് ഈയിടെ സ്ഥിരീകരിച്ചത്. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണിത്. പത്തനംതിട്ടയിൽ ഒരാൾ മരണമടയുകയും ചെയ്തു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു ജാഗ്രതയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. 

കോളറ പടരാതിരിക്കാൻ

∙ തിളപ്പിച്ചാറിയ വെള്ളം  മാത്രം കുടിക്കുക

∙തണുത്ത ഭക്ഷണം ഒഴിവാക്കുക.

∙ കൈകൾ സോപ്പ് കൊണ്ടു കഴുകുക

∙കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക

∙പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക

∙വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടുക

എന്താണ് കോളറ?

വിബ്രിയോ കോളറേ എന്ന  ബാക്ടീരിയ നിമിത്തമുണ്ടാകുന്ന രോഗം. പ്രധാനലക്ഷണം വയറിളക്കം. രോഗം ഉണ്ടാക്കുന്നതു മലത്തിലൂടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കലരുന്ന രോഗാണു. ശരീരത്തിലെ ജലാംശം പൊടുന്നനെ കുറയുന്ന ഗുരുതരാവസ്ഥയ്ക്കു കാരണം.

കോളറ മരണവഴി

1. കോളറ അണുക്കൾ അശുദ്ധജലത്തിലൂടെ വയറിലെത്തുന്നു. 

2. അണുബാധ ലവണാനുപാതത്തിന്റെ താളം തെറ്റിക്കുന്നു. 

3. ജലവ്യാപനം നടത്താനാവാതെ കുടൽ പുറംതള്ളുന്നു (വയറിളക്കം) 

4. ജലാംശം കുറഞ്ഞു രക്തത്തിന്റെ ഒഴുക്ക് മന്ദീഭവിച്ചു മരണസാധ്യത.