കൊച്ചി∙ അടുത്തിടെ അന്തരിച്ച എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനുനേരെ പാർട്ടി നേതാവിന്റെ കൊലവിളി. എൻസിപി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി ഉഴവൂർ വിജയന്റെ മരണത്തിനു തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിനു ലഭിച്ചു. 'അടി കൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സംഭാഷണം.
എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിനുപിന്നാലെ വിജയനെ നേരിട്ടുംവിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി സന്തതസഹചാരി സതീഷ് കല്ലക്കോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അതേസമയം, ഫോൺസംഭാഷണത്തിൽ കേൾക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു മുജീബ് റഹ്മാൻ അല്ലെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്നു മുജീബ് റഹ്മാൻ പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
എൻസിപിക്കുള്ളിലെ പ്രശ്നങ്ങളിൽ മനംമടുത്തു നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി എൻസിപി നേതാവും വിജയന്റെ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കോട് നേരത്തേ വെളിപ്പെടുത്തിയിരുന്നു മുതിർന്ന നേതാക്കളിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു കടുത്ത ഭാഷയിൽ അധിക്ഷേപിക്കുമ്പോൾ താൻ ഒപ്പമുണ്ടായിരുന്നുവെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുപോയെന്നുമാണു സതീഷ് കല്ലക്കോട് പറഞ്ഞത്.