ന്യൂഡൽഹി∙ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75–ാം വാർഷികത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രത്യേക സമ്മേളനം ആരംഭിച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്നാൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'രാജ്യം ഒരുമിച്ചുനിന്നാൽ ഗാന്ധിജി കണ്ട സ്വപ്നങ്ങൾ പൂർത്തിയാക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ 'ഓഗസ്റ്റ് വിപ്ലവം' ആണ്. ഇത്രയും വലിയൊരു സമരം ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചില്ല. മുതിർന്ന നിരവധി നേതാക്കളെ ജയിലിൽ അടച്ചപ്പോൾ പുതിയ നേതാക്കൾ ഉദയം ചെയ്തു. ശാസ്ത്രി, റാം മനോഹർ ലോഹ്യ, ജയ്പ്രകാശ് നാരായൺ തുടങ്ങിയവർ ഉയർന്നുവരികയും സമരത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
'1857 മുതൽ 1947 വരെ നടന്ന സ്വാതന്ത്ര്യസമരത്തിൽ നിരവധി ഘട്ടങ്ങളുണ്ട്. പക്ഷേ ഓഗസ്റ്റ് വിപ്ലവം അന്തിമയുദ്ധം പോലെയായിരുന്നു. ഇതേത്തുടർന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.– നരേന്ദ്ര മോദി പറഞ്ഞു. ക്വിറ്റ് ഇന്ത്യ വാർഷികാഘോഷത്തിന്റെ ഭാഗമായി ലോക്സഭയിൽ മുഴുവൻ അംഗങ്ങളും ഹാജരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.