ന്യൂഡൽഹി∙ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75–ാം വാർഷികം സ്മരിക്കുന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടാണു സംസാരിച്ചത്. സോണിയ കുടുംബത്തോടും. നെഹ്റു സിംഹാസനത്തിന്റെ നിയന്ത്രണം നഷ്ടമായതിന്റെ ‘നീണ്ടതും ദയനീയമായ വിലാപവുമായി’ മാറിയ പ്രസംഗമായിരുന്നു സോണിയയുടേത്. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഈ പരാമർശം.
രക്തമാണ് വെള്ളത്തേക്കാൾ ശക്തമെന്നു തെളിയിക്കാനാണ് സോണിയ ശ്രമിച്ചത്. അതു കയ്പ്പേറിയതും ഔദാര്യമില്ലാത്തതുമായി. പാർലമെന്റിന്റെ അന്തരീക്ഷത്തെത്തന്നെ മോശമാക്കി വെറുപ്പിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചാണു സോണിയ സംസാരിച്ചതെന്നും ഇറാനി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രസംഗിക്കുന്നതു പോലെയായിരുന്നു അത്– സമൃതി വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ ‘ജനാധിപത്യത്തിന്റെ വേരുകളെ നശിപ്പിക്കാൻ ശ്രമിക്കുന്ന അന്ധകാരത്തിന്റെ ശക്തികളെ’ന്നാണ് സോണിയ വിശേഷിപ്പിച്ചത്. വെറുപ്പിന്റെയും വിഭാഗീയതയുടെയും മേഘങ്ങൾ മതനിരപേക്ഷതയെയും സമത്വവാദ മൂല്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പുരോഗമനപരവും സൗമ്യവുമായിരുന്നു. എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ജനങ്ങൾ ഉയരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാൽ സോണിയയുടെ പ്രസംഗത്തിൽ ദീർഘദൃഷ്ടിപരമായ സമീപനം ഇല്ലായിരുന്നു– സമൃതി ഇറാനി പറഞ്ഞു.