കൊച്ചി∙ സംഘടനാ തിരഞ്ഞെടുപ്പിനു പകരം യൂത്ത് കോൺഗ്രസിൽ നടത്തിയ അഴിച്ചുപണി ദേശീയ നേതൃത്വം ഇടപെട്ടു റദ്ദാക്കി. ഐ ഗ്രൂപ്പിന്റെ പരാതി പരിഗണിച്ചാണ് നടപടി. കെഎസ്‌യു ഭാരവാഹികളെ ഉള്‍പ്പെടുത്തിയാണ് കേരളഘടകം പുനഃസംഘടിപ്പിച്ചിരുന്നത്.
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നു തൽകാലം കടുത്ത നടപടികളിലേക്കു കടക്കേണ്ടെന്നു കൊച്ചിയിൽ ചേർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചു. എന്നാൽ, നാലരവർഷം പിന്നിട്ട യൂത്ത് കോൺഗ്രസ് കമ്മിറ്റികളിലേക്ക് എത്രയും പെട്ടെന്നു തിരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും.
തിരഞ്ഞെടുപ്പു വരെ താഴേത്തട്ടിൽ പോലും അഴിച്ചുപണികൾ നടത്തരുതെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ജോസഫ് വാഴയ്ക്കൻ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ആദം മുൽസി, പി.ജി. സുനിൽ, സെക്രട്ടറി ജോഷി കണ്ടത്തിൽ, കെഎസ്‌യു മുൻ വൈസ് പ്രസിഡന്റ് എ.എം. രോഹിത് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.