കൊച്ചി ∙ ശാസ്ത്രചിന്തയെക്കുറിച്ച് പറയുന്ന ഭരണഘടനയോട് കൂറു പ്രഖ്യാപിച്ച് അധികാരമേറ്റവര്‍ അതിനു വിരുദ്ധമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഐതിഹ്യകഥകളും കെട്ടുകഥകളും പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോയകാലത്തെ അന്ധകാരങ്ങളെയും ജീര്‍ണാചാരങ്ങളെയും ചാതുര്‍വര്‍ണ്യത്തെയും തിരിച്ചു കൊണ്ടുവരാനും മതാധിഷ്ഠിതരാഷ്ട്രം സ്ഥാപിക്കാനും ശ്രമം നടക്കുന്ന ഇക്കാലത്ത് പ്രബുദ്ധത തിരികെ കൊണ്ടുവരാനുള്ള സംയുക്ത പോരാട്ടങ്ങളുണ്ടാകണം. ഭാരതീയ യുക്തിവാദി സംഘം ഏര്‍പ്പെടുത്തിയ എം.സി.ജോസഫ് സ്മാരക പുരസ്‌കാരം പ്രൊഫ.എം.കെ.സാനുവിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യജീവിതത്തെ ദുരിതങ്ങളില്‍നിന്നും തിന്മകളില്‍നിന്നും മോചിപ്പിക്കുകയെന്ന യുക്തിവാദത്തിന്റെ ലക്ഷ്യം സാർഥകമാകുന്നതിന് സാമൂഹ്യമാറ്റത്തിനായുള്ള പ്രായോഗിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കണ്ണിചേരണം. സാമൂഹ്യ, രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാത്ത പ്രത്യേക അറയാക്കി യുക്തിവാദത്തെ നയിച്ചാല്‍ അത് കേവല യുക്തിവാദമായി പരിമിതപ്പെടും. യുക്തിവാദചിന്തയും ജീവിതരീതിയും വെറും ആശയവാദമായി ഒതുങ്ങരുതെന്നും സാമൂഹ്യപരിവര്‍ത്തനത്തിനുള്ള രാഷ്ട്രീയ ആയുധമായി മാറണമെന്നുമുള്ള വിയോജിപ്പാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവച്ചത്. ഇത് മുന്‍നിര്‍ത്തി ഇഎംഎസും പവനനുമുള്‍പ്പെടെയുള്ളവര്‍ നടത്തിയ ആശയസംവാദം വിസ്മരിക്കാനാകില്ല.
ജനങ്ങളുടെ ജീവിതനില മെച്ചപ്പെടുത്താനുള്ള പോരാട്ടവുമായി കണ്ണിചേരാത്തിടത്തോളം യുക്തിവാദി പ്രസ്ഥാനത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അന്ധകാരശക്തികള്‍ക്ക് യുക്തിവാദത്തെ ദൈവവിരുദ്ധ പ്രസ്ഥാനമെന്നാക്ഷേപിച്ച് ദൈവ വിശ്വാസികളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ അത് സഹായകമായിത്തീരും. ദൈവവിശ്വാസികളെയടക്കം മാനസികമായി ഇപ്പുറത്താക്കി അന്ധവിശ്വാസികള്‍ക്കെതിരെ അണിനിരത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. യുക്തിവാദം ഉദ്‌ഘോഷിക്കുന്ന മാനസിക സ്വാതന്ത്ര്യത്തിന് ഭൗതികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ വേറിട്ടുനില്‍ക്കാനാകില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ മാത്രമേ മാനസിക സ്വാതന്ത്ര്യത്തിനു നിലനില്‍ക്കാനും അതിജീവിക്കാനുമാകൂ. ഈ പാരസ്പര്യം തിരിച്ചറിയാനും പുനരാലോചനയ്ക്കു വിധേയമാക്കാനും യുക്തിവാദി പ്രസ്ഥാനം തയാറാകണം.
ദൈവമില്ല എന്നു സ്ഥാപിച്ചു കൊടുത്താല്‍ ജനത്തിനു വേണ്ടതാകില്ല. അന്നന്നത്തേക്കുള്ള ആഹാരം ഉറപ്പാക്കുന്ന സാമൂഹ്യാവസ്ഥ കൂടി ഉണ്ടാകണം. യുക്തിയുടെ പിന്‍ബലം തെല്ലുമില്ലാത്ത മായാവിചാരങ്ങളില്‍ കുടുങ്ങിക്കിടന്ന ജനതയ്ക്കു മുൻപിലാണ് അന്ധവിശ്വാസങ്ങളുടെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടാന്‍ എം.സി.ജോസഫ് അടക്കമുള്ളവര്‍ പ്രയത്‌നിച്ചത്. ജനങ്ങളെ ഈ വിശ്വാസങ്ങളില്‍ കുടുക്കിയിടാന്‍ മൗനത്തിലൂടെയും പരോക്ഷപിന്തുണയിലൂടെയും വിവിധ മതങ്ങളിലെ പൗരോഹിത്യം വഴിയൊരുക്കിയപ്പോള്‍ അന്ധവിശ്വാസങ്ങളുടെ കള്ളം പൊളിക്കാനാണ് ഈ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.