ആലപ്പുഴ ∙ വികസനത്തിൽ കാലാനുസൃതമായി നേടേണ്ട പലതും സംസ്ഥാനം നേടിയിട്ടില്ലെന്നും അതുതിരിച്ചറിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ഏതെങ്കിലും ഒരു കൂട്ടർ ചെയ്യട്ടെ എന്നു ചിന്തിക്കരുത്. എല്ലാവരും കൂട്ടമായി ചെയ്യണം. അതിനു സർക്കാർ ഒപ്പം നിൽക്കും. പി. കൃഷ്ണപിള്ളയുടെ 69 മതു ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചത്
സഖാക്കളുടെ സഖാവിന്റെ ഓർമ ആവേശവും ഊർജവും പകരുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ സഖാവ് പി. കൃഷ്ണപിള്ള നമ്മെ വിട്ടു പിരിഞ്ഞിട്ട് 69 വർഷമായി. സഖാവ് എന്ന പദത്തിന്റെ പര്യായമായി കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന പോരാളിയാണ് അദ്ദേഹം.
തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി സമരം നടത്തുന്നതിൽ അസാമാന്യമായ മികവ് കാണിച്ച സഖാവായിരുന്നു കൃഷ്ണപിള്ള. ഗുരുവായൂർ സത്യാഗ്രഹത്തിൽ പി. കൃഷ്ണപിള്ളയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
അസാമാന്യ ധീരതയോടെയുള്ള പ്രവർത്തനങ്ങളായിരുന്നു സഖാവിന്റേത്. ഈ ധീരതയും ചങ്കുറപ്പും സഹപ്രവർത്തകർക്കും തൊഴിലാളി വർഗത്തിനും നൽകിയ ആവേശം ചെറുതല്ല. ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആൾരൂപമായിരുന്ന സഖാവ് കൃഷ്ണപിള്ള, തന്റെ ജീവിതം പാവപ്പെട്ടവന് വേണ്ടി ഹോമിച്ച ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നു.
കേന്ദ്രം ഭരിക്കുന്ന സർക്കാർ നടപ്പാക്കുന്ന നവ ഉദാരവൽക്കരണ നയവും വർഗീയ അജണ്ടയും നേരിടാൻ സഖാവ് കൃഷ്ണപിള്ളയുടെ ഓർമ്മകൾ ശക്തി പകരും എന്ന കാര്യത്തിൽ തർക്കമില്ല.