ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാരുടെ ആഢംബരഭ്രമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്നു കേന്ദ്രമന്ത്രിമാർക്കു കർശന നിർദ്ദേശം നൽകിയതായിട്ടുള്ള റിപ്പോർട്ട് പുറത്തുവന്നു.
ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു മോദിയുടെ നാടകീയ ഇടപെടൽ. യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മന്ത്രിമാരെ തിരിച്ചുവിളിച്ചാണു പ്രധാനമന്ത്രി ആഢംബര ജീവിതത്തിനെതിരെ സംസാരിച്ചത്. സർക്കാർ സൗകര്യങ്ങൾ ലഭ്യമായിരിക്കെ എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നത് എന്നായിരുന്നു മന്ത്രിമാരോടു മോദിയുടെ പ്രധാനചോദ്യം. അവരവരുടെ കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മന്ത്രിമാർ ഉപയോഗിക്കരുതെന്നും മോദി മുന്നറിയിപ്പു നൽകി.
പലഭാഗങ്ങളിൽനിന്നു കിട്ടിയ റിപ്പോർട്ടുകളും വിമർശനങ്ങളും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മന്ത്രിമാർ മാത്രമല്ല, അവരുടെ ബന്ധുക്കളും അടുപ്പക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഇതു ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്. നേരത്തേയും ആഢംബരത്തിനെതിരെ മോദി നിലപാടെടുത്തിരുന്നു. 2019ൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ അഴിമതിമുക്തവും ജനങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നതുമായ സർക്കാരാണ് തന്റേതെന്ന പ്രതിഛായ നിർമിക്കാനാണു പ്രധാനമന്ത്രിയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ നിർദ്ദേശമെന്നാണ് വിലയിരുത്തൽ.